100 കോടിയുടെ സാന്പത്തിക പ്രതിസന്ധി ! ഭൂമി പണയപ്പെടുത്താനൊരുങ്ങി കാർഷിക സർവകലാശാല
Sunday, September 17, 2023 11:30 AM IST
തൃശൂർ: കടുത്ത സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഭൂമി പണയപ്പെടുത്താനൊരുങ്ങി കാർഷിക സർവകലാശാല. 100 കോടിയുടെ സാന്പത്തിക പ്രതിസന്ധിയാണ് നിലവിൽ സർവകലാശാല അഭിമുഖീകരിക്കുന്നത്.
ഈ അവസരത്തിൽ ഭൂമി പണയപ്പെടുത്തി 40 കോടി സമാഹരിക്കാനാണ് തീരുമാനം. പുതിയ കോഴ്സുകൾ തുടങ്ങാനും കുടിശ്ശിക വിതരണം ചെയ്യാനുമായാണ് സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള സ്ഥലം പണയം വക്കുന്നത്.
ഇത് സംബന്ധിച്ച് കാർഷിക സർവകലാശാല ഭരണസമിതി തീരുമാനപ്രകാരം ഉത്തരവ് പുറത്തിറക്കി. തുടക്കത്തിൽ ഭൂമി വിറ്റ് പണം കണ്ടെത്താനായിരുന്നു തീരൂമാനമെങ്കിലും വിവാദസാധ്യത കണക്കിലെടുത്ത് വായ്പ എടുക്കുന്നതിലേക്കെത്തുകയായിരുന്നു.
റവന്യൂ മന്ത്രി അംഗമായ കാർഷിക സർവകലാശാല ഭരണസമിതിയാണ് ഭൂമി പണയപ്പെടുത്തി പുതിയ കോഴ്സുകൾ ആരംഭിക്കാനുള്ള ശുപാർശ അംഗീകരിച്ചിട്ടുള്ളത്.
സർവകലാശാലയ്ക്ക് സർക്കാർ നൽകുന്ന വിഹിതം മൂന്ന് വർഷമായി ഉയർത്താത്തതിനെത്തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്.
പണം സ്വരൂപിക്കുന്നതിനായി പുതിയ കോഴ്സുകളിൽ ചേരുന്ന എൻആർഐ-ഇന്റർനാഷണൽ വിദ്യാർത്ഥികളിൽ നിന്ന് വലിയ തോതിൽ കോഷൻ ഡെപ്പോസിറ്റ് വാങ്ങാനും ഭരണസമിതി അനുമതി നൽകിയിട്ടുണ്ട്.
ഇതിനായി സർവകലാശാല ചട്ടങ്ങൾ ഭേദഗതി ചെയ്യാനായി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ജനറൽ കൗൺസിലിൽ ചർച്ച ചെയ്യാതെ ആണ് ഈ തീരുമാനം നടപ്പാക്കുന്നത്.
വായ്പ തിരിച്ചടയ്ക്കാനുള്ള സാന്പത്തിക സ്ഥിതി നിലവിൽ സർവകലാശാലയ്ക്ക് ഇല്ല. അതിനാൽ ക്രമേണ ഭൂമി വിൽക്കേണ്ടി വരാനുള്ള സാധ്യതയുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.
സിപിഎം-സിപിഐ തർക്കം രൂക്ഷമായ കാർഷിക സർവകലാശാലയിൽ നാലു കൊല്ലത്തിൽ അധികമായി ഭരണസമിതി പുനസംഘടിപ്പിക്കപ്പെട്ടിട്ടില്ലെന്നും വൈസ് ചാൻസലറിന്റെ ഏകാധിപത്യ തീരുമാനങ്ങളാണ് ഭരണസമിതി കൈക്കൊള്ളുന്നതെന്നും ആരോപണമുണ്ട്.