ഫാസിലിന്റെ തിരോധാനത്തിനു പിന്നിലും മൊബൈൽ ലോൺ ആപ്പ്
Saturday, September 16, 2023 8:18 PM IST
ആലുവ: മുംബൈയിൽ പഠനത്തിനായി പോയ മലയാളി വിദ്യാർഥിയെ രണ്ടു മാസമായി കാണാനില്ലെന്ന് മാതാപിതാക്കളുടെ പരാതി. ആലുവ എടയപ്പുറം പെരുമ്പിള്ളി അഷറഫ് മൊയ്തീന്റെ മകൻ പി.എ.ഫാസിലിനെയാണ് (22) കഴിഞ്ഞ മാസം 26 മുതൽ കാണാതായത്.
മുംബൈ എച്ച്ആർ കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ഇക്കണോമിക്സിൽ രണ്ടാം വർഷ ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് വിദ്യാർഥിയാണ്. 26ന് വൈകുന്നേരം വീട്ടുകാരുമായി സൗഹാർദമായി സംസാരിച്ചശേഷം ഫാസിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി.
തുടർന്ന് പിതാവും അദ്ദേഹത്തിന്റെ സഹോദരനും 27 ന് മുംബൈയിൽ പോയി. എന്നാൽ താമസിക്കുന്ന കോളജ് ഗസ്റ്റ് ഹൗസിലോ കോളജിലോ ഫാസിലിനെ കണ്ടെത്താനായില്ല. ആരോടും പറയാതെയാണ് കോളജ് വിട്ടതെന്നാണ് അറിയുന്നത്. ബാങ്ക് അക്കൗണ്ട്, ഫേസ്ബുക്ക് അക്കൗണ്ട്, വാട്സ്ആപ്പ് തുടങ്ങിയ ഒന്നും തന്നെ 26നുശേഷം പ്രവർത്തനക്ഷമമല്ല.
പിതാവ് മുംബൈ കൊളാബ സ്റ്റേഷനിൽ നൽകിയ പരാതിയെതുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ നാഗ്പൂരിൽ ബാക്ക് ബാഗും ഷോൾഡർ ബാഗുമായി ഫാസിൽ ഇറങ്ങുന്ന ദൃശ്യം റെയിൽവേ സ്റ്റേഷനിൽനിന്ന് ലഭിച്ചു. ഷർട്ട്, ചെരിപ്പ് എന്നിവ വാങ്ങുന്ന ദൃശ്യവും ലഭിച്ചു. ഇവിടെ നിന്ന് എങ്ങോട്ടുപോയി എന്ന വിവരമാണ് ഇതുവരെ ലഭിക്കാത്തത്. കഴിഞ്ഞ 12 ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയതായി പിതാവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓഹരി വിപണിയിൽ സ്വന്തമായി നടത്തിയ ട്രേഡിംഗിനിടെ 50,000 രൂപ നഷ്ടപ്പെട്ടുവെന്ന് ഉമ്മ ഹബീലയോട് പറഞ്ഞതാണ് ആകെ ലഭിച്ച സൂചന. മകന്റെ സ്വന്തം തുകയായതിനാൽ വഴക്ക് പറഞ്ഞിട്ടില്ലെന്നും എന്നാൽ പിന്നീട് നാല് ട്രേഡിംഗ് സ്ഥാപനങ്ങളിലേക്കും രണ്ടു വ്യക്തികൾക്കുമായി രണ്ട് ലക്ഷത്തോളം തുക ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയെന്നും അഷറഫ് പറഞ്ഞു.
ഒരു ലക്ഷം രൂപ സമപ്രായക്കാരായ ബന്ധുക്കളിൽനിന്ന് വാങ്ങിയിട്ടുണ്ടെന്ന് പിന്നീട് വ്യക്തമായി. ഓഹരി കമ്പക്കാരനായ ഫാസിൽ പലപ്പോഴും തുക വിപണിയിൽ നിക്ഷേപിക്കാറുണ്ട്. മൊബൈൽ ആപ്പ് കമ്പനികളിൽ നിന്ന് മകൻ ലോൺ എടുത്തിട്ടുണ്ടാകുമെന്ന സംശയം ഉണ്ടെന്നും അഷ്റഫ് പറഞ്ഞു.