ഉമ്മന്‍ ചാണ്ടിയെ വെട്ടി മുഖ്യമന്ത്രിയാകാന്‍ ഗൂഢാലോചന നടത്തിയിട്ടില്ല: തിരുവഞ്ചൂര്‍
വെബ് ഡെസ്ക്
Saturday, September 16, 2023 5:03 PM IST
കൊച്ചി: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് താന്‍ പരിശ്രമിച്ചതെന്നും അദ്ദേഹത്തെ വെട്ടി മുഖ്യമന്ത്രിയാകാന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും കോൺഗ്രസ് നേതാവും എംഎൽഎയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ടെനി ജോപ്പന്റെ അറസ്റ്റ് തന്റെ അറിവോടെയല്ല. ശിവരാജന് കമ്മീഷനാണ് സോളാര്‍ കേസ് വഴിതിരിച്ച് വിട്ടത്. അന്വേഷണ പരിധിവിട്ടായിരുന്നു കമ്മീഷന്റെ പ്രവര്‍ത്തനം. ലൈംഗിക ആക്ഷേപത്തിലേക്ക് കേസ് വഴിതിരിച്ചു വിട്ടു.
അന്വേഷണ സംഘമാണ് ടെനി ജോപ്പനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനമെടുത്തത്. താനോ മുഖ്യമന്ത്രിയോ അറസ്റ്റ് വിവരം അറിഞ്ഞിട്ടില്ല. അറസ്റ്റ് കഴിഞ്ഞപ്പോള്‍ ജോപ്പനെതിരായ തെളിവുകള്‍ ഉദ്യോഗസ്ഥര്‍ തന്നെ ധരിപ്പിച്ചു.
സിബിഐ റിപ്പോര്‍ട്ടില്‍ അന്വേഷണം വേണോ എന്ന് തീരുമാനിക്കേണ്ടത് സിബിഐ തന്നെയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൂട്ടിച്ചേർത്തു.