ആലപ്പുഴ: ഓണ്‍ലൈനായി ഓർഡർ ചെയ്ത് വരുത്തിച്ച മയക്കുമരുന്ന് കൊറിയർ വഴി വിൽക്കുന്ന സംഘാംഗങ്ങള്‍ പിടിയില്‍. കൊല്ലം വടക്കേവിള സ്വദേശികളായ അമീര്‍ഷാ (24), ശ്രീ ശിവന്‍ (31) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ഓൺലൈനിൽ പണമടച്ച് വരുത്തിയ ഡയ്‌സിപാം ഇഞ്ചക്ഷന്‍ മയക്കുമരുന്നുമായാണ് ഇവര്‍ പിടിയിലായത്. ആകെ 100 കുപ്പികള്‍ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. 10 മില്ലിയുള്ള ഒരു കുപ്പി 1,500 രൂപയ്ക്കാണ് ഇവര്‍ വിറ്റിരുന്നത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവ പിടിച്ചെടുത്തത്. ആലപ്പുഴയിലെ ഒരു മെഡിക്കല്‍ ഷോപ്പിനടുത്തുള്ള കൊറിയര്‍ സ്ഥാപനത്തില്‍ വെള്ളിയാഴ്ച രാത്രി ഇവരെത്തിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലായേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.