വിദ്യാലയങ്ങൾക്ക് ഒരാഴ്ചകൂടി അവധി
Saturday, September 16, 2023 3:51 AM IST
തിരുവനന്തപുരം: നിപ പ്രതിരോധ നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്ത ഒരാഴ്ചകൂടി അവധി പ്രഖ്യാപിച്ചു. അവധി നീട്ടിയ സാഹചര്യത്തിൽ ഓണ്ലൈൻ പഠനം ഏർപ്പെടുത്തണമെന്നു നിർദേശമുണ്ട്.
ബീച്ചിൽനിന്ന് ആളുകളെ പോലീസെത്തി ഒഴിപ്പിച്ചു. രോഗ പ്രഭവകേന്ദ്രങ്ങളായ മരുതോങ്കര, ആയഞ്ചേരി മേഖലകളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്.
മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദാലിയുടെ വീട്ടിൽ ഇന്നലെ കേന്ദ്രസംഘമെത്തി. ഇയാളുടെ തോട്ടവും പരിസര പ്രദേശങ്ങളും പരിശോധിച്ചു. തോട്ടത്തിൽനിന്ന് വവ്വാലുകളെ പിടികൂടി പരിശോധനയ്ക്കു വിധേയമാക്കാനാണ് കേന്ദ്രസംഘത്തിന്റെ നീക്കം.
കോഴിക്കോട് ജില്ലയ്ക്കു പുറത്തുനിന്നുള്ള 29 പേരടക്കം മൊത്തം 1080 പേരാണ് നിലവിൽ സന്പർക്ക പട്ടികയിലുള്ളത്. ഇതിൽ 375 പേർ ആരോഗ്യപ്രവർത്തകരാണ്.
175 പേർ ഹൈ റിസ്ക് കോണ്ടാക്ടിലും ഉൾപ്പെടുന്നു. മരിച്ചവരുടെയും നിപ പോസിറ്റീവായവരുടെയും സന്പർക്കത്തിൽ ഉൾപ്പെട്ടവർ പട്ടികയിൽനിന്നു വിട്ടുപോയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇവരുടെ ഫോണ് ലൊക്കേഷൻ കൂടി പരിശോധിച്ചാണ് സന്പർക്കപട്ടിക സന്പൂർണമാക്കാനുള്ള ശ്രമം.
മന്ത്രിമാരായ വീണാ ജോർജ്, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ സർവകകക്ഷി യോഗം ചേർന്ന് നിപ പ്രതിരോധ നടപടികൾ അവലോകനം ചെയ്തു. രോഗബാധിത മേഖലകളിലെ ജനപ്രതിനിധികളുമായും മന്ത്രിസംഘം ആശയവിനിമയം നടത്തി.
ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നുവരികയാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രിമാർ പറഞ്ഞു. കേന്ദ്രസംഘത്തിന്റെ നിർദേശവും കൂടി പരിഗണിച്ചാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ.
അതേസമയം, കേരളത്തിലെ നിപ സാഹചര്യത്തിൽ കർണാടക, തമിഴ്നാട് സർക്കാരുകൾ കേരള അതിർത്തിയിൽ പരിശോധന കർക്കശമാക്കി.