സനാതന ധര്‍മ വിവാദം: ഇന്ത്യാ സഖ്യവും ഡിഎംകെയും ഹിന്ദുക്കള്‍ക്ക് എതിരെന്ന് ധനമന്ത്രി
വെബ് ഡെസ്ക്
Friday, September 15, 2023 4:35 PM IST
ന്യൂഡല്‍ഹി: സനാതന ധര്‍മ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യപ്രതികരണത്തിന് പിന്നാലെ ഇന്ത്യാ സഖ്യത്തിനും ഡിഎംകെയ്ക്കുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്.
പ്രതിപക്ഷ സഖ്യമായ ഇന്ത്യയും ഡിഎംകെയും ഹിന്ദുക്കള്‍ക്കും സനാതന ധര്‍മത്തിനും എതിരാണെന്ന് ധനമന്ത്രി പറഞ്ഞു. സനാതന ധര്‍മം ആളുകള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുമെന്ന ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെ മന്ത്രി നിശിതമായി വിമര്‍ശിച്ചു.
ഇന്ത്യയെ തകര്‍ക്കാര്‍ ശ്രമിക്കുന്ന വിഭാഗങ്ങളെയാണ് പ്രതിപക്ഷം പിന്തുണയ്ക്കുന്നത്. സനാതന ധര്‍മത്തെ ഇല്ലാതാക്കാനാണ് ഇവരുടെ ശ്രമം. ഡിഎംകെ നടത്തുന്നത് കപടനാട്യമാണെന്നും 70 വര്‍ഷമായി ഇവര്‍ ഇതാണ് ചെയ്യുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
ഇന്ത്യാ സഖ്യം സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യാന്‍ നീക്കം നടത്തുകയാണെന്നും സഖ്യത്തിലെ പാര്‍ട്ടികള്‍ ഹിന്ദു വിരുദ്ധരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സനാതന ധര്‍മത്തെ ആര്‍ക്കും ഉന്മൂലനം ചെയ്യാന്‍ സാധിക്കില്ല. ഈ സഖ്യത്തിനെതിരെ ഭാരതീയര്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
വിവാദത്തില്‍ പ്രധാനമന്ത്രിയുടെ ആദ്യപ്രതികരണമായിരുന്നു ഇത്. സനാതന ധര്‍മത്തിനെതിരെ സംസാരിക്കുന്ന ആളുകളുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും നാവ് പിഴുതെടുക്കുകയും ചെയ്യുമെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയും പ്രതികരണം നടത്തിയത്.
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ ബിജെപിയുടെ പരിവര്‍ത്തന്‍ യാത്രയ്ക്കിടെ നടത്തിയ പൊതുറാലിയില്‍ പ്രസംഗിക്കവേയാണ് ശെഖാവത്ത് ഭീഷണി മുഴക്കിയത്.