മന്ത്രിസഭയില്‍ അഴിച്ചുപണി ഉടന്‍; ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും; ഷംസീർ ആരോഗ്യമന്ത്രിയായേക്കും
Friday, September 15, 2023 10:23 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്ന് സൂചന. കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുമെന്നാണ് വിവരം.
നവംബറില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തിട്ട് രണ്ടര വര്‍ഷം പൂര്‍ത്തിയാകും. ഇതനുസരിച്ച് ഘടകകക്ഷി വകുപ്പുകളില്‍ മന്ത്രിമാര്‍ക്ക് മാറ്റമുണ്ടാകുമെന്ന മുന്‍ധാരണ അനുസരിച്ചാണ് പുനഃസംഘടന നടത്താനൊരുങ്ങുന്നത്. അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫിന്റെ യോഗത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച ഉണ്ടായേക്കും.
ഇതനുസരിച്ച് മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനമൊഴിയും. ഗതാഗതവകുപ്പ് വേണ്ട എന്ന് ഗണേഷ് നേരത്തേ അറിയിച്ചിരുന്നു. ഇതോടെ ഗണേഷിന് വനംവകുപ്പ് കൊടുത്ത് എ.കെ.ശശീന്ദ്രനെ ഗതാഗത വകുപ്പിന്റെ ചുമതല ഏൽപ്പിക്കാനാണ് നീക്കം.
ഗണേഷിന് മന്ത്രിസ്ഥാനം കൊടുക്കുന്നതില്‍ സിപിഎമ്മില്‍ രണ്ട് അഭിപ്രായമുണ്ട്. സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്.
മന്ത്രി വീണാ ജോർജിനെ സ്പീക്കർ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്. എ.എൻ.ഷംസീറിനെ ആരോഗ്യമന്ത്രിയാക്കാനാണ് ആലോചന.