സംസ്ഥാനത്ത് നികുതി ഈടാക്കലിലും പിഴവ്; ഖജനാവിന് 72 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് സിഎജി റിപ്പോര്‍ട്ട്
Thursday, September 14, 2023 3:52 PM IST
തിരുവനന്തപുരം: റവന്യൂ അടക്കമുള്ള നാല് വകുപ്പുകളിലെ സിഎജിയുടെ പരിശോധനാ റിപ്പോര്‍ട്ട് നിയമസഭയില്‍. നികുതി ചുമത്തലിലും ഈടാക്കലിലും പിഴവുകളുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ടി ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72 കോടി രൂപയുടെ നികുതി ചുമത്താതെ പോയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സാമൂഹിക സുരക്ഷാ പെന്ഷന് വിതരണത്തില്‍ ഗുരുതര ക്രമക്കേടുണ്ടായി. തദ്ദേശസെക്രട്ടറിമാരുടെ സാക്ഷ്യപത്രം ഇല്ലാതെ പോലും പെന്ഷന് അനുവദിച്ചു.
സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്ഷന് ലഭിക്കുന്ന സാഹചര്യമുണ്ടായി. യോഗ്യരായ കാല്‍ലക്ഷത്തോളം പേര്‍ക്ക് പെന്ഷന് നിരസിച്ചു. മരിച്ചവരുടെ പേരിലും പെന്ഷന് നല്‍കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബാര്‍ ലൈസന്‍സ് അനധികൃതമായി കൈമാറ്റം അനുവദിച്ചത് മൂലം 2.17 കോടി രൂപ നഷ്ടം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് പകരം അനധികൃതമായി കൈമാറ്റം അനുവദിച്ചതാണ് നഷ്ടം വരുത്തിയതെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബ്രഹ്മപുരം മാലിന്യ സംസ്കാരണ പ്ലാന്റിനെതിരെയും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. മലിനജലം പുറത്തേയ്ക്ക് ഒഴുക്കാനുള്ള സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ല. മാലിന്യം ശരിയായ രീതിയില്‍ തരം തിരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
നോഡല്‍ ഏജന്‍സിയായ ശുചിത്വ മിഷനെതിരെയും പരാതിയുണ്ട്. ഏതൊക്കെ രാസവസ്തുക്കളാണ് മാലിന്യത്തില്‍ അടങ്ങിയിട്ടുള്ളതെന്നത് സംബന്ധിച്ച് ഒരു പഠനവും നാളിതുവരെ ശുചിത്വമിഷന് നടത്തിയിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.