ടാങ്കര്‍ മറിഞ്ഞ് കിണറുകളിലേക്ക് ഡീസലൊഴുകി! കത്തിച്ച് കളഞ്ഞ് ഫയര്‍ഫോഴ്സ്
വെബ് ഡെസ്ക്
Thursday, September 14, 2023 3:03 PM IST
മലപ്പുറം: പരിയാപുരത്ത് ടാങ്കര്‍ ലോറി മറിഞ്ഞ് പ്രദേശത്തെ കിണറുകളിലടക്കം ഡീസല്‍ കലര്‍ന്ന സംഭവത്തില്‍ പരിഹാരം കാണാനുള്ള ശ്രമവുമായി അഗ്നിശമന സേന. ഡീസലിന്റെ അളവ് കുറയ്ക്കാന്‍ കിണറ്റില്‍ തീയിട്ട് കത്തിക്കുകയായിരുന്നു.
ഉയര്‍ന്ന അളവില്‍ ഡീസലുള്ളതിനാല് തീ ആളികത്തി സമീപത്തെ തെങ്ങും കത്തി നശിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് ഇവിടെ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടമുണ്ടായത്.
ടാങ്കറില്‍ നിന്നും വലിയ അളവില്‍ ഡീസല്‍ പുറത്തേക്ക് ഒഴുകിയിരുന്നു. സമീപത്തെ കിണറുകളിലും ഡീസലിന്റെ സാന്നിധ്യം കണ്ടതോടെ നാട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചു. ഈ ഭാഗത്തെ ആറ് കിണറുകളിലാണ് ഡീസലിന്റെ സാന്നിധ്യം വലിയ അളവില്‍ കണ്ടെത്തിയത്.
മോട്ടോര്‍ വച്ച് പമ്പ് ചെയ്ത് വെള്ളം കളഞ്ഞെങ്കിലും ഫലം കണ്ടില്ല. ഇതോടെ സംഭവത്തില്‍ കളക്ടര്‍ ഇടപെടുകയും പരിഹാരം കാണണമെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
ഇതോടെ സംഭവത്തില്‍ കലക്ടര്‍ ഇടപെടുകയും പരിഹാരം കാണണമെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. പരിയാപുരത്തുള്ള കോണ്‍വെന്റിലെ കിണറില്‍ വ്യാഴാഴ്ച രാവിലെയാണ് അഗ്നിശമന സേന തീയിട്ടത്.
മുന്‍പ് ഇതേ കിണറില്‍ ഒരുതവണ അധികൃതര്‍ തീയിട്ടിരുന്നു. എന്നാല്‍ വീണ്ടും ഡീസല്‍ നിറഞ്ഞതോടെയാണ് രണ്ടാം ശ്രമം. ടാങ്കര്‍ ലോറി മറിഞ്ഞ ഭാഗത്ത് നിന്നും 800 മീറ്റര്‍ അകലെയാണ് കോണ്‍വെന്റ്. ഈ ഭാഗത്ത് ഇപ്പോള്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
സാധാരണയായി ഡീസല്‍ ടാങ്കറുകള്‍ മറിയുമ്പോള്‍ പമ്പ് ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ ഒഴുകിപ്പോകുന്ന ഇന്ധനം ഒരു കുഴിയില്‍ ശേഖരിച്ച് കത്തിച്ച് കളയാറുണ്ട്. പരിയാപുരത്ത് ചില വീടുകളിലെ കിണറുകളില്‍ ഡീസല്‍ സാന്നിധ്യത്തിന്റെ അളവ് കുറഞ്ഞെങ്കിലും വെള്ളത്തിന് രുചിവ്യത്യാസമുണ്ടെന്ന് നാട്ടുകാര്‍ പരാതി പറയുന്നു.
കിണറുവെള്ളത്തിന് മുകളില്‍ പാട പോലെ കിടക്കുന്ന ഇന്ധനം സാധാരണയായി പമ്പ് ചെയ്ത് കളയുകയാണ് പതിവ്. എന്നാല്‍ കോണ്‍വെന്റിന്റെ കിണറില്‍ അമിത അളവില്‍ ഡീസലുള്ളതിനാലാണ് കത്തിച്ച് കളയാന്‍ തീരുമാനിച്ചത്. കത്തിച്ചതിന് ശേഷം കിണറിലുള്ള വെള്ളം ടാങ്കറിലേക്ക് പമ്പ് ചെയത് മാറ്റും.