ന്യൂഡല്‍ഹി: സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ സഖ്യത്തെ നിശിതമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സഖ്യം സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യാന്‍ നീക്കം നടത്തുകയാണെന്നും ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഹിന്ദു വിരുദ്ധരാണെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു.

സനാതന ധര്‍മത്തെ ആര്‍ക്കും ഉന്മൂലനം ചെയ്യാന്‍ സാധിക്കില്ല. ഈ സഖ്യത്തിനെതിരെ ഭാരതീയര്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സനാതന ധര്‍മ വിവാദത്തില്‍ ആദ്യമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണം നടത്തുന്നത്.

സനാതന ധര്‍മത്തിനെതിരെ സംസാരിക്കുന്ന ആളുകളുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നാവ് പിഴുതെടുക്കുകയും ചെയ്യുമെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണവും വന്നിരിക്കുന്നത്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ ബിജെപിയുടെ പരിവര്‍ത്തന്‍ യാത്രയ്ക്കിടെ നടത്തിയ പൊതുറാലിയില്‍ പ്രസംഗിക്കവേയാണ് ശെഖാവത്ത് ഭീഷണി മുഴക്കിയത്.

"നമ്മള്‍ വെല്ലുവിളി നേരിടേണ്ടതുണ്ട്. സനാതനത്തിനെതിരെ ആരു പറഞ്ഞാലും അവരുടെ നാവ് പിഴുതെടുക്കും. സനാതനത്തിനെതിരെ ഉയര്‍ത്തിയ ആ കണ്ണുകളും ചൂഴ്‌ന്നെടുക്കും' എന്നും ശെഖാവത്ത് പറഞ്ഞു. തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാത്രമല്ല സനാതന ധര്‍മത്തിനെതിരെ സംസാരിക്കുന്ന ഒരാള്‍ക്കും ഈ രാജ്യത്ത് രാഷ്ട്രീയ സ്ഥാനവും അധികാരവും നിലനിര്‍ത്താന്‍ സാധിക്കില്ല എന്ന് വെല്ലുവിളിക്കുന്നതായും ശെഖാവത്ത് ചൂണ്ടിക്കാട്ടി.