പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ 17 കസ്റ്റഡിമരണങ്ങള്; മുഖ്യമന്ത്രി നിയമസഭയില്‍
Thursday, September 14, 2023 10:53 AM IST
തിരുവനന്തപുരം: തന്റെ ഭരണകാലത്ത് കേരളത്തിലാകെ 17 കസ്റ്റഡിമരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ സംഭവങ്ങളില്‍ 22 പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്കി.
തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. 2016 മുതലുള്ള കസ്റ്റഡിമരണങ്ങളിലായി 17 പേര് മരിച്ചു. ഇതില്‍ 16 പേര് പോലീസ് കസ്റ്റഡിയിലിരിക്കെയും ഒരാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയുമാണ് മരിച്ചത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 11 പേരാണ് മരിച്ചത്. തുടര്‍ഭരണകാലത്ത് ആറ് പേര് കസ്റ്റഡിയിലിരിക്കെ മരിച്ചു. മലപ്പുറം താനൂരിലെ താമിര്‍ ജിഫ്രിയാണ് ഇത്തരത്തില്‍ അവസാനം മരിച്ചത്.
കസ്റ്റഡി മരണങ്ങളില്‍ ഇതുവരെ 22 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായും മഞ്ഞളാംകുഴി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 13 ഉദ്യോഗസ്ഥരെ പിന്നീട് തിരിച്ചെടുത്തെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആഭ്യന്തര വകുപ്പിന്റെ വീഴ്ച പ്രതിപക്ഷം നിരന്തരം ഉയര്‍ത്തിക്കാട്ടുന്നതിനിടെയാണ് കസ്റ്റഡിമരണങ്ങളുടെ കണക്ക് പുറത്തുവരുന്നത്.