വീണ്ടും കുൽദീപ്; ലങ്കയെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ
Tuesday, September 12, 2023 11:17 PM IST
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. 41 റൺസിന്റെ വിജയമാണ് ഇന്ത്യ കൊളംബോയിൽ നേടിയത്.
പാക്കിസ്ഥാനെ കറക്കി വീഴ്ത്തിയ അതേ തന്ത്രം കുൽദീപ് യാദവ് പ്രയോഗിച്ചതോടെയാണ് 213 റൺസ് എന്ന ചെറിയ സ്കോർ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചത്. അഞ്ച് വിക്കറ്റുമായി ഇന്ത്യയുടെ നടുവൊടിച്ച ദുനിത് വെല്ലാലഗെ 42* റൺസ് നേടി ബാറ്റിംഗിലും വിറപ്പിച്ചെങ്കിലും വിജയം അകന്നുനിന്നു.
സ്കോർ:
ഇന്ത്യ 213/10(49.1)
ശ്രീലങ്ക 172/10(41.3)
6-99 എന്ന നിലയിൽ ലങ്ക ഒരുവേള പരുങ്ങിയെങ്കിലും വെല്ലാലഗെയ്ക്കൊപ്പം ചേർന്ന് ധനഞ്ജയ ഡിസിൽവ(41) ടീമിന് വിജയപ്രതീക്ഷകൾ നൽകി. 66 പന്തിൽ നാല് ഫോറുമായി മെല്ലെ ഇന്നിംഗ്സ് കെട്ടിപ്പടുത്ത ഡിസിൽവയെ രവീന്ദ്ര ജഡേജ വീഴ്ത്തിയതോടെയാണ് ലങ്ക തകർന്നത്. 46 പന്തിൽ മൂന്ന് ഫോറുകളും ഒരു സിക്സും പായിച്ച വെല്ലാലഗെ പരാജയവേളയിലും പുറത്താകാതെ നിന്നു.
9.3 ഓവറിൽ 43 റൺസ് വഴങ്ങി നാല് വിക്കറ്റാണ് കുൽദീപ് വീഴ്ത്തിയത്. ജഡേജയും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റുകൾ വീതം പിഴുതു.
നേരത്തെ, വെല്ലാലഗെയും നാല് വിക്കറ്റുകൾ സ്വന്തമാക്കിയ ചരിത് അസലങ്കയും ചേർന്ന് ഇന്ത്യയെ താരതമ്യേന ചെറിയ സ്കോറിന് ഒതുക്കിയിരുന്നു. ഓപ്പണറായി ഇറങ്ങിയ നായകൻ രോഹിത് ശർമ നേടിയ 53 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ അടിത്തറ. കെ.എൽ. രാഹുൽ(39), ഇഷാൻ കിഷൻ(33) എന്നിവർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോറിലേക്ക് എത്താനായില്ല.
പാക്കിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി കുറിച്ച വിരാട് കോഹ്ലി വെറും മൂന്ന് റൺസ് നേടിയപ്പോൾ വെല്ലാലഗെയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. മധ്യനിരയും വാലറ്റവും മങ്ങിയതോടെ, മഴ വിരുന്നെത്തിയ പോരാട്ടത്തിലെ ആദ്യ പകുതി ഇന്ത്യയ്ക്ക് നിരാശയാണ് സമ്മാനിച്ചത്.
10 ഓവറിൽ ഒരു മെയ്ഡൻ അടക്കം നേടി വെറും 40 റൺസ് വിട്ടുനൽകിയാണ് വെല്ലാലഗെ അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് എത്തിയത്. ഒരു മെയ്ഡൻ ഓവർ സ്വന്തമാക്കിയ അസലങ്ക ഒമ്പത് ഓവറുകളിൽ 18 റൺസ് മാത്രമാണ് വിട്ടുനൽകിയത്.