കെപിസിസി വിലയിരുത്തി; പുതുപ്പള്ളിയിൽ അലയടിച്ചത് ഭരണ വിരുദ്ധ വികാരം
Tuesday, September 12, 2023 6:56 PM IST
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചുവെന്നും അതിനാലാണ് ചാണ്ടി ഉമ്മൻ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയം നേടിയതെന്നും കെപിസിസി നേതൃയോഗം വിലയിരുത്തി.
നിലവിൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമായി നിലനിൽക്കുകയാണ്. ഈ സാഹചര്യം നിലനിർത്തി മുന്നോട്ടുപോകാനും നേതൃയോഗത്തിൽ തീരുമാനിച്ചു.
സർക്കാർ വിരുദ്ധ വികാരം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ശക്തമായി ഉന്നയിക്കാനും ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് അതിവേഗം കടക്കാനും കെപിസിസി നേതൃയോഗത്തിൽ ധാരണയായി.
മണ്ഡലം പുനഃസംഘടന സെപ്റ്റംബർ 20ന് മുൻപ് പൂർത്തിയാക്കണമെന്ന് ഡിസിസികൾക്ക് നിർദ്ദേശം നൽകും. 20ന് മുൻപ് പട്ടിക നേതൃത്വത്തിന് സമർപ്പിക്കണമെന്നാണ് ഡിസിസികൾക്ക് നൽകുന്ന അന്ത്യശാസനം.