കോടതി പരിസരത്ത് വീണ്ടും മുദ്രാവാക്യം മുഴക്കി ഗ്രോവാസു; കേസില്‍ ബുധനാഴ്ച വിധി
Tuesday, September 12, 2023 4:44 PM IST
കോഴിക്കോട്: നിലമ്പൂരില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് പ്രതിഷേധിച്ച കേസില്‍ ബുധനാഴ്ച വിധി പറയും. കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.
കേസില്‍ ജൂലൈ 29ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോവാസുവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. ഗതാഗത തടസമുണ്ടാക്കി പ്രതിഷേധിച്ചെന്നാണ് കേസ്.
അതേസമയം, നിര്‍ദേശം അവഗണിച്ച് കോടതി പരിസരത്ത് ഗ്രോവാസു മുദ്രാവാക്യം മുഴക്കി. നിലമ്പുര്‍ വനത്തില്‍ കൊല്ലപ്പെട്ട അജിതയ്ക്കും കുപ്പുദേവരാജിനുമാണ് ഗ്രോവാസു അഭിവാദ്യങ്ങളര്‍പ്പിച്ചത്. കോടതി പരിസരത്ത് മുദ്രാവാക്യം വിളിക്കരുതെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് അനുസരിക്കാതെയാണ് ഗ്രോവാസു മുദ്രാവാക്യം മുഴക്കിയത്.
വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായി കാര്യങ്ങള്‍ പറയാമെന്ന് കോടതി അറിയിച്ചിരുന്നുവെങ്കിലും നേരിട്ടെത്താമെന്ന് ഗ്രോവാസു നിലപാട് സ്വീകരിക്കുകയായിരുന്നു. സാക്ഷിമൊഴി വായിച്ചു കേട്ടതിന് ശേഷം, മാവോയിസ്റ്റുകളെ ചതിയിലൂടെ പോലീസ് വെടിവെച്ച് കൊന്നതാണെന്ന് ഗ്രോവാസു കഴിഞ്ഞദിവസം കോടതിയില്‍ പറഞ്ഞിരുന്നു.
ഇതിനിടെ 94 വയസുകാരനായ ഗ്രോവാസുവിനെതിരായുള്ള കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കോഴിക്കോട് ജില്ലാ ജയിലില്‍ ഗ്രോവാസുവിനെ അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തു. വിഷയം നിയമസഭയിലും സതീശന് ഉന്നയിച്ചു.