മാര്‍ഷലുമാര്‍ക്ക് താമര ചിഹ്നം പതിച്ച ഷർട്ട്; പാര്‍ലമെന്റ് സ്റ്റാഫുകളുടെ യൂണിഫോം മാറും
Tuesday, September 12, 2023 3:36 PM IST
ന്യൂഡല്‍ഹി: പ്രത്യേക സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കാനിരിക്കെ സ്റ്റാഫുകളുടെ യൂണിഫോമിലടക്കം അടിമുടി മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മാര്‍ഷലുമാര്‍ക്ക് മണിപ്പുരി തലപ്പാവും ക്രീം നിറത്തില്‍ താമര ചിഹ്നം പതിച്ച ഷര്‍ട്ടും കാക്കി ട്രൗസറും നല്‍കുമെന്നാണ് വിവരം.
വനിതാ സ്റ്റാഫുകളുടെ യൂണിഫോം സാരിയായിരിക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി ആണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ യൂണിഫോം സ്റ്റാഫുകള്‍ക്ക് കൈമാറിയതായാണ് സൂചന. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കമാന്‍ഡോ പരിശോധന അടക്കം നല്‍കും.
സെപ്റ്റംബര്‍ 18നാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കുക. എന്നാല്‍ ഗണേശ ചതുര്‍ഥി ദിനമായ 19നാകും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുക. പ്രത്യേക പൂജയ്ക്ക് ശേഷമാകും പാര്‍ലമെന്റിലേക്കുള്ള പ്രവേശനമെന്നാണ് റിപ്പോര്‍ട്ട്.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ത്തത് എന്തിനാണെന്ന് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ ഉണ്ടെങ്കില്‍ അജണ്ട എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷിയോട് മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് ചോദിച്ചെങ്കിലും ഇപ്പോള്‍ പറയാനാവില്ലെന്നായിരുന്നു പ്രതികരണം.