യുപിയിൽ കനത്ത മഴ; 24 മണിക്കൂറിനിടെ 19 പേർ മരിച്ചു
Monday, September 11, 2023 7:51 PM IST
ലക്നോ: ഉത്തർ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേർ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ കമ്മീഷണർ അറിയിച്ചു.
നാല് പേർ ഇടിമിന്നലേറ്റും രണ്ട് പേർ വെള്ളക്കെട്ടിൽ മുങ്ങിയുമാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഹാർദോയ്, ബാരാബങ്കി, കനൗജ്, അമേഠി, പ്രതാപ്ഗഡ് എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മരണപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് മുതൽ സംസ്ഥാനത്തിന്റെ പലഭാഗത്തും 40 മില്ലിമീറ്ററിലേറെ മഴയാണ് ലഭിച്ചത്. പല മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണെങ്കിലും നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിലേക്ക് ഉയർന്നിട്ടില്ല.