ജി20 ഉച്ചകോടിയുടെ മുഖം മിനുക്കാന്‍ തെരുവുനായ്ക്കളെ പിടിച്ചുകൊണ്ടുപോയി; പ്രതിഷേധം വ്യാപകം
Monday, September 11, 2023 6:59 PM IST
ഡൽഹി: ജി20 ഉച്ചകോടിയ്ക്കു മുന്നോടിയായി നഗരത്തിന്റെ മുഖം മിനുക്കുന്നതിനായി ഡല്‍ഹി മുനിസിപ്പാലിറ്റി സ്വീകരിച്ച നടപടി വിവാദത്തില്‍. സെപ്റ്റംബര്‍ 9,10 തീയതികളിലായിരുന്നു ഉച്ചകോടി.
നഗരം സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെയും ശുചിത്വവല്ക്കരിക്കുന്നതിന്റെയും ഭാഗമായി ഡല്‍ഹി നഗരത്തിലെ തെരുവുകളിലുണ്ടായിരുന്ന നായകളും കുരങ്ങുകളുമടക്കമുള്ള ജീവികളെയൊന്നാകെ പിടിച്ചു കൊണ്ടുപോയ പ്രവൃത്തിയാണ് ഇപ്പോള്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.
തെരുവുനായ്ക്കള്‍ നിറഞ്ഞ ഡിഎംആര്‍സി പ്രദേശത്ത് കഴിഞ്ഞ ദിവസം മഷിയിട്ടു നോക്കിയാല്‍ പോലും ഒരു തെരുവു നായയെ കാണാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.
തെരുവുനായ്ക്കളെ അശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെ മനുഷ്യത്വരഹിതമായി പിടിച്ചു കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ആകമാനം പ്രചരിച്ചതോടെയാണ് ഡല്‍ഹി മുന്സിപ്പാലിറ്റിയ്ക്കെതിരേ വന്‍പ്രതിഷേധമുയര്‍ന്നത്.
നിരവധി സന്നദ്ധപ്രവര്‍ത്തകരും മൃഗസംരക്ഷണപ്രവര്ത്തകരും ഡല്‍ഹി മുന്‍സിപ്പാലിറ്റിയുടെ നടപടി മനുഷ്യത്വരഹിതമാണെന്നാരോപിച്ച് രംഗത്തു വന്നു.
വലയിട്ടു പിടിക്കുന്ന നായ്ക്കളെ വലിച്ചു കൊണ്ട് ആംബുലന്‍സില്‍ കയറ്റുന്നതിന്റെയും ആംബുലന്സിനുള്ളിലെ കൂടുകളില്‍ നായകള്‍ കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
എവിടെ നിന്നൊക്കെയാണ് നായകളെ പിടിച്ചതെന്നും അവയെ പിടിച്ചിടത്തു തിരിച്ചു വിടുമോയെന്നുമൊന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുമില്ല.
രേഖാമൂലമുള്ള ഒരു ഉത്തരവിന്റെയും അടിസ്ഥാനത്തിലല്ല ഈ നായപിടിത്തമെന്ന് ഡല്‍ഹി ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ നോമിനേറ്റഡ് മെംബറായ ഡോ. അഷര്‍ ജെസ്യൂദോസ് പറഞ്ഞു. മുനിസിപ്പാലിറ്റി ജീവനക്കാര്‍ സ്വീകരിച്ച നായപിടിത്ത മാര്‍ഗം എബിസി(അനിമല്‍ ബര്‍ത്ത് കണ്ട്രോള്) റൂള്‍ അനുസരിച്ച് നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി മുനിസിപ്പാലിറ്റിയുടെ പ്രവൃത്തിയെ ഹൃദയശൂന്യത എന്നാണ് മറ്റു പലരും വിശേഷിക്കുന്നത്.
എന്നാല്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നായിരുന്നു മുനിസിപ്പാലിറ്റിയുടെ പ്രതികരണം. വീഡിയോ യാതൊരു വിശ്വാസ്യത ഇല്ലാത്തതാണെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നായകളെ പിടികൂടിയതെന്നും അവര്‍ക്ക് വേണ്ട പരിചരണങ്ങള്‍ നല്‍കുന്നുണ്ടെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.