താമസ, തൊഴിൽ നിയമലംഘനം; സൗദിയിൽ 9,777 വിദേശികളെ നാടുകടത്തി
Monday, September 11, 2023 6:46 AM IST
റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷ നിയമലംഘനങ്ങൾക്ക് നടപടി നേരിട്ട 9,777 വിദേശികളെ നാടുകടത്തി. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ആറ് വരെയുള്ള ഒരാഴ്ചക്കുള്ളിലാണ് നാടുകടത്തൽ.
വിവിധ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ 16,250ഓളം വിദേശികളെ ഇതേ നിയമലംഘനങ്ങൾക്ക് പുതുതായി പിടികൂടിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 9,343 പേർ താമസ നിയമം ലംഘിച്ചവരാണ്. അതിർത്തി സുരക്ഷാചട്ടം ലംഘിച്ചവർ 4,555ഉം തൊഴിൽ നിയമ ലംഘകർ 2,352ഉം ആണ്.
രാജ്യാതിർത്തി വഴി അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 785 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 62 ശതമാനം യമനികളും 27 ശതമാനം എത്യോപ്യക്കാരും 11 ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമലംഘകരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും ചെയ്തുവന്ന 13 പേരും അറസ്റ്റിലായിട്ടുണ്ട്.