പത്താം ക്ലാസുകാരന് കാറിടിച്ച് മരിച്ച സംഭവം; പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി
Sunday, September 10, 2023 12:13 PM IST
തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസുകാരന് കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതി പ്രിയരഞ്ജനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എന്‍.ഷിബു. പ്രതിക്ക് കുട്ടിയോട് മുന്‍വൈരാഗ്യമുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചതായും അദ്ദേഹം പ്രതികരിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിലെ അസ്വാഭാവികത മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തമ്മില്‍ നേരത്തേയുണ്ടായ തര്‍ക്കത്തേക്കുറിച്ച് വ്യക്തമായതെന്നും ഡിവൈഎസ്പി അറിയിച്ചു.
പൂവച്ചലില്‍ ക്ഷേത്ര മതിലിന് സമീപം മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തിലാണ് യുവാവ് ബന്ധുവായ 10 വയസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയത്. പൂവച്ചല്‍ സ്വദേശിയായ ആദിശേഖരന്‍ ആണ് മരിച്ചത്.
ഓഗസ്റ്റ് 31ന് പുളിങ്കോട് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് ആദിശേഖരന്‍ വാഹനമിടിച്ച് മരിച്ചത്. സാധാരണ വാഹനാപകടം എന്ന നിഗമനത്തിലായിരുന്നു പോലീസും ആദിശേഖരന്റെ കുടുംബാംഗങ്ങളും എന്നതിനാല്‍ വിശദമായ അന്വേഷണം നടന്നിരുന്നില്ല.
അപകടത്തിന് പിന്നാലെ പ്രിയരഞ്ജന്റെ എസ്യുവി വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രിയരഞ്ജന് ഒളിവില്‍ പോയതിനാല്‍ ഇയാളുടെ ഭാര്യയാണ് കാറിന്റെ താക്കോല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുന്നതിനായി മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നരഹത്യാ സാധ്യത പോലീസിന് വെളിപ്പെട്ടത്. സൈക്കിളില്‍ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന കുട്ടിയെ, സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മനഃപൂര്‍വം ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ വിശദമായി ചോദ്യംചെയ്തപ്പോള്‍, ക്ഷേത്ര മതിലിന് സമീപം പ്രിയരഞ്ജന് മൂത്രമൊഴിച്ചത് കുട്ടി ചോദ്യംചെയ്തിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഉണ്ടായിരുന്നുവെന്നും അറിഞ്ഞു.
ഇതിന് പിന്നാലെ നടന്ന അന്വേഷണത്തില്‍, അപകടം നടന്ന ദിവസവും ക്ഷേത്ര മതിലിന് സമീപം മൂത്രമൊഴിച്ച ശേഷമാണ് ഇയാള്‍ വാഹനത്തില്‍ കുട്ടിയുടെ അടുത്തേക്ക് എത്തിയതെന്നും വ്യക്തമായിരുന്നു.