അസുഖബാധിതയായി അഭിനയിക്കുകയാണെന്ന് ഡോക്ടർമാർ ആരോപിച്ച യുവതി മരിച്ചു
Friday, September 8, 2023 5:05 AM IST
ക്രൈസ്റ്റ് ചർച്ച്: അസുഖബാധിതയായി അഭിനയിക്കുകയാണെന്ന് ഡോക്ടർമാർ ആരോപിച്ച 33കാരി മരണത്തിന് കീഴടങ്ങി. ന്യൂസിലാൻഡിലാണ് സംഭവം. സ്റ്റെഫാനി ആസ്റ്റൺ (33) എന്ന യുവതിയാണ് സെപ്തംബർ ഒന്നിന് ഓക്ക്ലൻഡിലെ വീട്ടിൽ വച്ച് മരിച്ചത്.
എഹ്ലേഴ്സ്-ഡാൻലോസ് സിൻഡ്രോം (ഇഡിഎസ്) എന്ന രോഗം ബാധിച്ചായിരുന്നു മരണം. അസുഖം അഭിനയിക്കുകയാണെന്ന് ആരോപിച്ച് യുവതിക്ക് ഡോക്ടർമാർ കൃത്യമായ ചികിത്സ നിഷേധിക്കുകയും മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
2015ലാണ് യുവതിക്ക് രോഗത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയത്. മൈഗ്രെയ്ൻ, വയറുവേദന, ഇരുമ്പിന്റെ കുറവ്, ബോധക്ഷയം,തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആസ്റ്റൺ ഡോക്ടർമാരെ സമീപിച്ചത്.
നിർണയത്തിൽ യുവതിക്ക് ഇഡിഎസ് രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു. എന്നാൽ, യുവതി രോഗം അഭിനയിക്കുകയാണെന്ന് ഡോക്ടർമാർ ആരോപിക്കുകയും മാനസിക രോഗത്തിന് ചികിത്സ നിർദേശിച്ച് 2015 ഒക്ടോബറിൽ തുടർന്ന് അവരെ ഓക്ക്ലാൻഡ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
ഡോക്ടറുടെ ആരോപണത്തെത്തുടർന്ന് യുവതിയെ മാനസികരോഗ നിരീക്ഷണത്തിലാക്കി. യുവതിക്ക് സ്വയം ഉപദ്രവിക്കുന്ന പെരുമാറ്റങ്ങൾ ഉള്ളതായും ധക്ഷയം, പനി, ചുമ എന്നിവ വ്യാജമാണെന്നും സംശയിച്ചു.
ചർമ്മം, അസ്ഥികൾ, രക്തക്കുഴലുകൾ, മറ്റ് അവയവങ്ങൾ എന്നിവയെ ബാധിക്കുന്ന രോഗമാണ് ഇഡിഎസ്. സന്ധികളിലെ അയവ്, ദുർബലമായ, ചെറിയ രക്തക്കുഴലുകൾ, അസാധാരണമായ വടുക്കൾ, മുറിവ് ഉണങ്ങാൻ വൈകൽ, ചർമം മൃദുവാകൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. 5,000 പേരിൽ ഒരാൾക്കാണ് രോഗം ബാധിക്കുന്നത്.