ആവേശം കൂടിപ്പോയി! അറ്റകുറ്റപ്പണിക്കിടെ ചൈനീസ് വൻമതിൽ "തുരന്ന്' തൊഴിലാളികൾ
Tuesday, September 5, 2023 8:23 PM IST
ബെയ്ജിംഗ്: ലോകാത്ഭുതങ്ങളിലൊന്നായ ചൈനീസ് വൻമതിലിന്റെ ഒരു ഭാഗം എസ്കവേറ്റർ ഉപയോഗിച്ച് തുരന്നെടുത്ത് നിർമാണത്തൊഴിലാളികൾ. മതിലിന്റെ അറ്റകുറ്റപ്പണികൾക്കായി എത്തിയവരാണ് യന്ത്രക്കൈ ഉപയോഗിച്ച് മതിലിന്റെ ഒരുഭാഗം തകർത്തത്.
സംഭവത്തിൽ 38 വയസുള്ള ഒരു യുവാവിനെയും 55 വയസുള്ള ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ബിസി 220 മുതൽ മിങ് രാജവംശം ചൈനീസ് വൻകരയുടെ പലഭാഗത്തായി നിർമിച്ച വൻമതിലിന്റെ 32-ാം ഭാഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലത്താണ് "പൊളിക്കൽ' നടന്നത്. മതിലിന്റെ ഈ ഭാഗത്തുണ്ടായിരുന്ന ചെറിയ വിടവ് വലുതാക്കി നിർമാണസാമഗ്രികൾ മറുവശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് മതിൽ ഇടിഞ്ഞുവീണത്.
ആയിരക്കണക്കിന് കിലോമീറ്ററുകൾ നീളമുള്ള വൻമതിൽ ചുരുക്കം ചിലയിടങ്ങൾ മാത്രമാണ് കൃത്യമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളത്.
ഗ്രാമങ്ങളിലൂടെയും മറ്റും കടന്നുപോകുന്ന വൻമതിൽ ഭാഗങ്ങൾ പലയിടത്തും മൺകൂനകൾ മാത്രമായി തിരിച്ചറിയാനാകാത്ത വിധം നാശത്തിന്റെ വക്കിലാണ്. പല സ്ഥലങ്ങളിലും മതിലിന്റെ ഭാഗങ്ങളിൽ നിന്നുള്ള ഇഷ്ടികകൾ ജനങ്ങൾ വീട്ടാവശ്യത്തിനായി പൊളിച്ചുകൊണ്ടുപോകാറുമുണ്ട്.