മുംബൈ: എയര്‍ ഇന്ത്യയില്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റായിരുന്ന യുവതിയെ അന്ധേരിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ റുപാല്‍ ഒഗ്രി(24)യാണ് മരിച്ചത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കൃഷന്‍ലാല്‍ മാര്‍വാ മാര്‍ഗിലെ മാരോളിലുള്ള എന്‍ജി കോംപ്ലക്‌സിലെ ഫ്ലാറ്റിലാണ് റുപാല്‍ താമസിച്ചിരുന്നത്. ഞായാറാഴ്ച രാത്രിയാണ് മരണം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലിലാണ് എയര്‍ ഇന്ത്യയിലെ പരിശീലനത്തിനായി റുപാല്‍ മുംബൈയില്‍ എത്തിയത്.

കുറച്ച് നാളായി റുപാലിനൊപ്പം സഹോദരിയും സഹോദരിയുടെ പുരുഷ സുഹൃത്തും ഉണ്ടായിരുന്നുവെന്നും പോലീസിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി. എട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ പുരുഷ സുഹൃത്തും സഹോദരിയും വിദേശത്തേക്ക് പോയെന്നും മരണം നടന്ന വിവരം പോലീസാണ് വിളിച്ചറിയിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വീട്ടുകാര്‍ റുപാലിയുടെ ഫോണില്‍ പല തവണ വിളിച്ചിട്ടും ഫോണെടുക്കാഞ്ഞതിനെ തുടര്‍ന്ന് കൂട്ടുകാരോട് ഫ്ലാറ്റില്‍ പോയി തിരക്കാമോ എന്ന് ആവശ്യപ്പെട്ടു. കൂട്ടുകാര്‍ ഫ്ലാറ്റിലെത്തിയെപ്പോള്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും കോളിംഗ് ബെല്ലടിച്ചിട്ടും പ്രതികരണമില്ലെന്നും ഇവര്‍ വീട്ടുകാരെ അറിയിച്ചു.

ശേഷം പോലീസില്‍ വിവരമറിയിക്കുകയും ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് വാതില്‍ തുറക്കുകയുമായിരുന്നു. കഴുത്ത് മുറിഞ്ഞ് രക്തത്തില്‍ കുളിച്ച് കിടന്നിരുന്ന റുപാലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിനാണ് കേസ് എടുത്തിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.