മൂഴിയാർ അണക്കെട്ട് തുറന്നു
Sunday, September 3, 2023 9:49 PM IST
പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് മൂഴിയാർ അണക്കെട്ട് വീണ്ടും തുറന്നു. അണക്കെട്ടിന്റെ ഒരു ഷട്ടർ 50 സെന്റിമീറ്ററാണ് ഉയർത്തിയത്. മറ്റ് രണ്ട് ഷട്ടറുകൾ ഉയർത്തിയിട്ടില്ല.
നേരത്തെ, ജില്ലയുടെ കിഴക്കൻ വനമേഖലയിൽ കനത്ത മഴയുണ്ടായതായി അധികൃതർ അറിയിച്ചിരുന്നു.
ഗുരുനാഥൻ മണ്ണ് ഭാഗത്ത് മലവെള്ളപ്പാച്ചിലുണ്ടായപ്പോൾ സീതക്കുഴി മേഖലയിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. ഉൾവനത്തിൽ ഉരുൾപ്പൊട്ടിയതിനാലാണ് നദികളിൽ നീരൊഴുക്ക് കൂടിയതെന്ന് അധികൃതർ അറിയിച്ചു.
മേഖലയിൽ സെപ്റ്റംബർ ഒന്നിന് വൈകിട്ടോടെ ആരംഭിച്ച മഴ ശനിയാഴ്ച ശമിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ വീണ്ടും ശക്തമാവുകയായിരുന്നു.