ഉമ്മന്‍ ചാണ്ടിയെ കാണാന്‍ അനുവദിച്ചില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധം, പിന്നില്‍ സിപിഎം: കെ.സി.ജോസഫ്
Sunday, September 3, 2023 11:10 AM IST
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണാന്‍ അനുവദിച്ചില്ലെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തിലെ വിവരങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി.ജോസഫ്.
ഇത്തരം തരംതാണ ആരോപണങ്ങളില്‍നിന്നും അപവാദ പ്രചരണങ്ങളില്‍നിന്നും സിപിഎമ്മും അവരുടെ കൂലിപ്പട്ടാളവും പിന്മാറണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഉമ്മന്‍ ചാണ്ടിയെ കാണുന്നതിനായി ബംഗളൂരുവില്‍ എത്തിയ തന്നെയും എം.എം.ഹസനെയും ബെന്നി ബെഹനാനെയും കാണാന്‍, അദ്ദേഹത്തിന്റെ കുടുംബം അനുവദിച്ചില്ലെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ ചാണ്ടി ഉമ്മനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തി വോട്ടു നേടാനുള്ള സിപിഎമ്മിന്റെ ശ്രമമാണിതെന്നും കെ.സി.ജോസഫ് ആരോപിച്ചു.
ഉമ്മന്‍ ചാണ്ടി ചികിത്സയ്ക്ക് വേണ്ടി ബംഗളൂരുവില്‍ പോയ ശേഷം രണ്ടാഴ്ചയില്‍ ഒരിക്കല്‍ മിക്കവാറും തവണ തങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഒറ്റയ്ക്കും കൂട്ടായും ബംഗളൂരുവില്‍ പോയി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഈ സമയത്ത് രാഷ്ട്രീയ കാര്യങ്ങളും കോണ്‍ഗ്രസ് സംഘടനാ വിഷയങ്ങളും സംബന്ധിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും കെ.സി.ജോസഫ് കൂട്ടിച്ചേര്‍ത്തു.