മാത്യു കുഴല്‍നാടന്റെ ഉമ്മാക്കി തന്നോട് വേണ്ട: സി.എന്‍. മോഹനന്
Saturday, September 2, 2023 8:44 PM IST
കൊച്ചി: മാത്യു കുഴല്നാടന് എംഎല്‍എക്കെതിരെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് വീണ്ടും രംഗത്ത്.
സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിക്കുമ്പോള്‍ മാത്യു കുഴല്‍നാടന്റെ ഉത്തരം കൃത്യമല്ല. അരിയെത്രയെന്ന് ചോദിച്ചാല്‍ പയറഞ്ഞാഴിയെന്നാണ് കുഴല്‍നാടന്റെ മറുപടി. എല്ലാ കാര്യങ്ങളും അറിയുന്ന ആളാണ് താനെന്ന ധാരണയിലാണ് കുഴല്നാടന്. അദ്ദേഹത്തെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ കൂടി വെളിപ്പെടുത്തുമെന്നും സി.എന്‍. മോഹനന് പറഞ്ഞു.
തനിക്കെതിരെ കേസുമായി പോകുമെന്നാണ് കുഴല്നാടന് പറയുന്നത്. അങ്ങനെയെങ്കില്‍ അപ്പോള്‍ കാണാം. കുഴല്‍നാടനെതിരായ ആരോപണത്തില്‍ ഉറച്ചു നില്ക്കുന്നു. സാമ്പത്തിക ആരോപണമുന്നയിച്ചതിന്റെ വിരോധത്തിലാണ് തനിക്കും ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി വര്‍ഗീസിനുമെതിരെ തിരിയുന്നത്.
കുഴല്‍നാടന്റെ ഉമ്മാക്കി തന്നോട് വേണ്ട. തന്റെ സ്വത്തിനെക്കുറിച്ച് ആര്‍ക്കും അന്വേഷിക്കാം. കുഴല്നാടന് നല്കിയ മാനനഷ്ടക്കേസിനെ നേരിടും. സുപ്രീം കോടതിയില്‍ ഞങ്ങള്‍ക്കും അഭിഭാഷകരുണ്ട്.
ഇടത് ഭരണകാലത്ത് ഒരു ബാങ്കിലാണ് അഴിമതി നടന്നിട്ടുള്ളത്. യുഡിഎഫ് ഭരിക്കുന്ന പല ബാങ്കുകളിലും വന്‍ അഴിമതി നടക്കുന്നുണ്ട്. വിജയ് മല്യ 9,000 കോടിയുമായി മുങ്ങിയത് വലിയ കാര്യമാക്കാത്തവര്‍ കരുവന്നൂരിലെ വെറും 200 കോടിയുടെ തട്ടിപ്പിന് വലിയ പ്രചാരണം നല്‍കുകയാണ്. സിപിഎം നേതാക്കളെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല ധാരണയുണ്ട്. കുഴല്നാടന് എംഎല്എയാണെങ്കില്ലും രാഷ്ട്രീയ പരിചയം കുറവാണെന്നും മോഹനന് പറഞ്ഞു.