ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്
Saturday, September 2, 2023 4:36 PM IST
തൊടുപുഴ: ഇടുക്കി എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥിയായിരുന്ന ധീരജ് കൊല്ലപ്പെട്ട കേസിലെ പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ നിഖിൽ പൈലിക്കെതിരേ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
കേസിലെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ നിശ്ചയിച്ച ദിവസം നിഖിൽ കോടതിയിൽ ഹാജരാകാതിരുന്നതാണ് തൊടുപുഴ കോടതിയുടെ നടപടിക്ക് കാരണം.
പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടണം എന്നാണ് കോടതി പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. കേസിലെ കുറ്റപത്രം വായിക്കാൻ ഒക്ടോബർ നാലിന് ഹാജരാകാൻ നിഖിലിന് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വർഷം ജനുവരി 10-നാണ് ഇടുക്കി എഞ്ചിനിയറിംഗ് കോളജ് കാമ്പസിൽ നടന്ന എസ്എഫ്ഐ-കെഎസ്യു സംഘർഷത്തിനിടെ നിഖിലിന്റെ കുത്തേറ്റ് ധീരജ് മരിച്ചത്. പിന്നീട് കേസിൽ അറസ്റ്റിലായ നിഖിൽ ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.
കൊലക്കേസ് പ്രതിയായ നിഖിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രചരണത്തിന് എത്തിയതിനെതിരേ ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. പ്രചരണത്തിന് യുഡിഎഫ് കൊലയാളികളെ രംഗത്തിറക്കി എന്നായിരുന്നു ഡിവൈഎഫ്ഐയുടെ ആക്ഷേപം.
അതേസമയം വാടിക്കൽ രാമകൃഷ്ണൻ വധക്കേസിലെ ഒന്നാം പ്രതിയായിരുന്ന പിണറായി വിജയന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താമെങ്കിൽ തനിക്കും വരാമെന്നും പി.ജയരാജനെയും എം.എം.മണിയെയും വീട്ടിലിരുത്തിയിട്ട് മതി കോൺഗ്രസിനെ ഉപദേശിക്കുന്നതെന്നും നിഖിൽ തിരിച്ചടിച്ചിരുന്നു.