ഡയാനയുടെ മരണത്തിൽ ബക്കിംഗ്ഹാമിനെ വിറപ്പിച്ച വിവാദ നായകൻ; ശതകോടീശ്വരൻ മുഹമ്മദ് ഫയേദ് ഓർമയാകുമ്പോൾ
വെബ് ഡെസ്ക്
Saturday, September 2, 2023 12:58 PM IST
ലണ്ടന്‍: ഈജിപ്ഷ്യന്‍ ശതകോടീശ്വരനായ മുഹമ്മദ് അല്‍ ഫയേദിന്റെ (94) നിര്യാണത്തോടെ അവസാനിക്കുന്നത് ബ്രിട്ടീഷ് രാജകുടുംബം നേരിട്ട വിവാദങ്ങളുടെ നീണ്ട യുഗം കൂടിയാണ്. ഡയാന രാജകുമാരിക്കൊപ്പം വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സിനിമാ നിര്‍മാതാവ് ദോദി ഫയേദിന്റെ പിതാവാണ് മുഹമ്മദ് അല്‍ ഫയേദ്.
ഡയാനയുടേയും ദോദിയുടേയും മരണത്തിന് പിന്നില്‍ ബ്രിട്ടീഷ് രാജകുടുംബത്തിന് പങ്കുണ്ടെന്നും എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് ഡയാനയെ കൊല്ലുന്നതില്‍ ഗൂഢാലോചന നടത്തിയെന്നും ഫയേദ് പരസ്യ ആരോപണം ഉന്നയിച്ചത് അക്കാലത്ത് വലിയ വാർത്തയായിരുന്നു.
ഡയാനയുടെ ഉദരത്തില്‍ ദോദിയുടെ കുഞ്ഞ് വളരുന്നുണ്ടായിരുന്നുവെന്നും ഇതിന്റെ അമര്‍ഷത്തിലാണ് ബ്രിട്ടനിലെ സെക്യുരിറ്റി ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് ഡയാനയേയും ദോദിയേയും വകവരുത്താന്‍ രാജകുടുംബം ഗൂഢാലോചന നടത്തിയതെന്നുമായിരുന്നു ഫയേദിന്റെ ആരോപണം.
ഡയാനയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റിലും ഗര്‍ഭിണിയായിരുന്നുവെന്ന് സൂചനയുണ്ടായിരുന്നതായി ഫയേദ് അന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം രാജകുടുംബം അന്ന് തള്ളിയിരുന്നു.
ദോദിയുടേയും ഡയാനയുടേയും 26-ാം ചരമവാര്‍ഷികത്തിന് ഒരു ദിവസം മുന്‍പാണ് ഫയേദിന്റെ മരണം. ബ്രിട്ടനിലെ വ്യാപാര ശ്യംഖലയായ ഹാരോഡ്സിനെ അദ്ദേഹം 1985-ല്‍ ഏറ്റെടുത്തത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിൽ സര്‍ക്കാരിനെതിരെ ചോദ്യം ഉന്നയിക്കുന്നതിന് ചില രാഷ്ടീയക്കാര്‍ക്ക് ഫയേദ് പണം നല്‍കിയെന്ന ആരോപണവും 1994ല്‍ വന്‍ വിവാദമായി.
മരണശേഷം തന്റെ മൃതദ്ദേഹം ഈജിപ്റ്റിലെ മമ്മികള്‍ക്ക് സമാനമായ രീതിയില്‍ സ്വര്‍ണ ശവപ്പെട്ടിയില്‍ അടക്കി ഹാരോഡ്സിന്റെ മുകള്‍നിലയില്‍ സൂക്ഷിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
സ്റ്റോറില്‍ വരുന്ന കസ്റ്റമേഴ്സിനും പ്രത്യേക ഡ്രസ് കോഡ് തീരുമാനിച്ചതും ഡയാനയുടേയും ദോദിയുടേയും വെങ്കല പ്രതിമ സ്ഥാപിച്ചതും ഫയേദിനെ വീണ്ടും വിവാദങ്ങളുടെ ചുഴിയിലേക്ക് വലിച്ചിട്ടു.
1995-ല്‍ ബ്രിട്ടീഷ് പൗരത്ത്വം നേടാന്‍ ശ്രമിച്ചെങ്കിലും അത് ലഭിക്കാതിരുന്നതിലുള്ള അമര്‍ഷവും അദ്ദേഹം മറച്ചുവച്ചില്ല. വര്‍ഷങ്ങളോളം ബ്രിട്ടണില്‍ കഴിഞ്ഞ ശേഷം അദ്ദേഹം ഫ്രാന്‍സിലേക്ക് താമസം മാറ്റിയിരുന്നു. ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലെഗിയോന്‍ ഓഫ് ഓണര്‍ ലഭിച്ച വ്യക്തി കൂടിയാണ് ഫയേദ്.
2010-ല്‍ ഖത്തറിലെ സോവറിന്‍ വെല്‍ത്ത് ഫണ്ടിന് ഹാരോഡ്സ് സ്റ്റോറിനെ ഫയേദ് വിറ്റിരുന്നു. "എന്റെ പകയുടെ ബാക്കി കാര്യങ്ങള്‍ ഞാന്‍ ദൈവത്തെ ഏല്‍പ്പിക്കുന്നുവെന്ന്' ഫയേദ് പറഞ്ഞത് ഡയാനയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ മൂര്ച്ഛവര്ധിപ്പിക്കുകയുണ്ടായി.