ഭാരതം പിടിക്കാൻ ഇന്ത്യയുടെ പുതിയ തന്ത്രം; നാനൂറോളം സീറ്റുകളിൽ ഒരുമിക്കും
Friday, September 1, 2023 5:21 PM IST
മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാൻ പ്രമേയം പാസാക്കി ഇന്ത്യ മുന്നണി. നാനൂറോളം ലോക്സഭ സീറ്റുകളിൽ ഇന്ത്യ സഖ്യം ഒരുമിച്ച് പോരാട്ടത്തിനിറങ്ങാനാണ് സാധ്യത. മുംബൈയിൽ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണ.
സംസ്ഥാനങ്ങളുടെ സീറ്റ് വിഭജനം എത്രയും വേഗം പൂർത്തിയാക്കാനാണ് ധാരണ. ജനകീയ വിഷയം ഉയർത്തി രാജ്യമാകെ റാലി നടത്തുമെന്നും ഇന്ത്യ സഖ്യം അറിയിച്ചു. ‘ജുഡേഗ ഭാരത്, ജീതേഗ ഇന്ത്യ’(ഒരുമിക്കും ഭാരതം, വിജയിക്കും ഇന്ത്യ) എന്നതാകും പ്രചാരണ മുദ്രാവാക്യം.
അതേസമയം കേരളം, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവിടങ്ങളിൽ ഇന്ത്യ മുന്നണിയുടെ ഒരുമിച്ചുള്ള പോരാട്ടത്തിനുള്ള സാധ്യത വിരളമാണ്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാകും പോരാട്ടും. പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസും ഡൽഹിയിൽ ആംആദ്മി പാർട്ടിയുമായിരിക്കും മുൻപന്തിയിലുണ്ടാകുക.
ഇന്ത്യ മുന്നണിയുടെ ഏകോപനത്തിന് 13 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിയെ ഇന്ന് നിയമിച്ചു. ഏകോപന സമിതിയില്‍ കോണ്‍ഗ്രസില്‍നിന്ന് കെ.സി.വേണുഗോപാല്‍ മാത്രമാണുള്ളത്.
എന്‍സിപിയില്‍നിന്ന് ശരദ് പവാര്‍, മുഖ്യമന്ത്രിമാരായ എം.കെ.സ്റ്റാലിന്(ഡിഎംകെ), ഹേമന്ത് സോറന്(ജെഎംഎം) തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി, സഞ്ജയ് റാവത്ത്(ശിവസേന) തേജസ്വി യാദവ് (ആര്‍ജെഡി) മെഹബൂബ മുഫ്തി (പിഡിപി), രാഘവ് ചദ്ദ(എഎപി), ഒമര്‍ അബ്ദുള്ള(ജമ്മു കാഷ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്), ലല്ലന്‍ സിംഗ്(ജെഡിയു), ജാവേദ് അലി ഖാന്(സമാജ്വാദി പാര്‍ട്ടി), ഡി.രാജ( സിപിഐ) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ഗാന്ധി കുടുംബത്തിന്റെയും സിപിഎമ്മിന്റെയും പ്രതിനിധികള്‍ സമിതിയില്‍ ഇല്ല. സെപ്റ്റംബര്‍ 30ഓടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ ധാരണയായി. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി രാജ്യമാകെ റാലികള്‍ നടത്താനും പ്രതിപക്ഷ യോഗത്തില്‍ തീരുമാനമായി.
28 പാര്‍ട്ടികളുടെ 63 പ്രതിനിധികളാണ് മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുത്തത്.