ജയസൂര്യയുടെ പരാമര്‍ശം തെറ്റിദ്ധാരണയില്‍ നിന്നും ഉണ്ടായത്: മന്ത്രി ജി.ആര്. അനില്‍
Thursday, August 31, 2023 11:05 AM IST
തിരുവനന്തപുരം: കൊടുത്ത നെല്ലിന്റെ പണത്തിനായി കര്‍ഷകര്‍ പട്ടിണി കിടക്കുന്നുവെന്ന് വിമര്‍ശിച്ച നടന് ജയസൂര്യയ്ക്ക് മറുപടിയുമായി സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്. അനില്‍. കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ചതിന്റെ വില കിട്ടിയില്ലെന്ന ജയസൂര്യയുടെ പരാമര്‍ശം തെറ്റിദ്ധാരണയില്‍ നിന്നും ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.
ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണ പ്രസാദ് നടത്തിയ പ്രസ്താവന തെറ്റാണ്. ആ പരാമര്‍ശം വിശ്വസിച്ചാണ് ജയസൂര്യയും തെറ്റായ പരാമര്‍ശം നടത്തിയത്. കൃഷ്ണ പ്രസാദിന് കുടിശികയെല്ലാം കൊടുത്തതാണ്. അത് മനസിലാക്കാതെ ജയസൂര്യ പ്രതികരിക്കുകയായിരുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
"കൃഷ്ണ പ്രസാദിന്റേത് ഒരു ബിജെപി കുടുംബമാണ്. അദ്ദേഹത്തിന്റെ സഹോദരന് കൃഷ്ണകുമാര്‍ ചങ്ങനാശേരിയില്‍ ബിജെപിയുടെ കൗണ്‍സിലറായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയാണ് നിലവിലെ കൗണ്‍സിലര്‍. അത്തരത്തിലൊരാള്‍ ദുഷ്ടലാക്കോടെ ജയസൂര്യയെ കാര്യം അറിയിക്കുന്നു. ജയസൂര്യ കാര്യം മനസിലാക്കേണ്ടതായിരുന്നു- മന്ത്രി അനില്‍ പറഞ്ഞു.
തിരുവോണ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച "പട്ടിണി സമരം' രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം കളമശേരിയില്‍ നടന്ന പൊതുചടങ്ങിലാണ് കൃഷിമന്ത്രി പി. പ്രസാദിനെയും വ്യവസായമന്ത്രി പി. രാജീവിനെയും വേദിയിലിരുത്തിക്കൊണ്ട് ജയസൂര്യ വിമര്‍ശനം ഉന്നയിച്ചത്.
കൃഷിക്കാരുടെ പ്രശ്നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസിലാക്കണം. തന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ്, കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം കൊടുത്തിട്ടില്ല.
തിരുവോണനാളില്‍ അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയാണ്. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നാണ് മന്ത്രിമാര്‍ പറയുന്നത്.
സാറ് ഒരു കാര്യം മനസിലാക്കണം. തിരുവോണ ദിവസും കൊടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണുന്ന മക്കള്‍ എങ്ങനെയാണ് സാര്‍, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്നത്തില്‍ അതിവേഗം സര്‍ക്കാര്‍ ഇടപെടണം- എന്നായിരുന്നു ജയസൂര്യയുടെ പരാമര്‍ശം.
എന്നാല്‍ ഇതിനെതിരേ പിന്നീട് മന്ത്രിമാര്‍ രംഗത്തെത്തി. കര്‍ഷകര്‍ക്ക് നെല്ല് സംഭരണത്തിന്റെ വില കിട്ടിയില്ലെന്ന ജയസൂര്യയുടെ പ്രസ്താവന മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെയായിരുന്നുവെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.
"പ്ലാന്‍ഡ് ആയ പ്രസ്താവനയാണ്. എന്നാല്‍ പ്രചാരണം പൊട്ടിപ്പോയി. വിജയിക്കാത്ത സിനിമ പോലത്തെ അനുഭവമായി. സത്യം എല്ലാവര്ക്കും മനസിലാവുകയും ചെയ്തു'- മന്ത്രി പറഞ്ഞു.
കേരളം മാത്രമാണ് നെൽകർഷകർക്ക് ഇത്രയും സഹായം നൽകുന്നത്. കേന്ദ്ര വിഹിതം ലഭിക്കാത്തപ്പോൾ കടമെടുത്ത് പണം നൽകിയെന്നും മന്ത്രി വിശദീകരിച്ചു.
നടന് കൃഷ്ണപ്രസാദിന് അഞ്ച്, ആറ് മാസമായി സപ്ലൈക്കോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടിയിട്ടെന്ന ജയസൂര്യയുടെ വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു. കൃഷ്ണപ്രസാദിന് നെല്ല് സംഭരണ തുക ലഭിച്ചിട്ടുണ്ട്. ചങ്ങനാശേരിഎസ്ബിഐ അക്കൗണ്ടില്‍ മൂന്ന് തവണകളായി മുഴുവന്‍ തുകയും എത്തിയതായി മന്ത്രി വ്യക്തമാക്കി.
എന്നാല്‍ നെല്ല് സംഭരണ വിഷയത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്ക്കുന്നതായി നടന് ജയസൂര്യ വ്യക്തമാക്കി. ആറ് മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നും അദ്ദേഹം ചോദിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും ജയസൂര്യ പറഞ്ഞു.