കള്ളപ്പണം വെളുപ്പിക്കൽ കേസ്; നവ്യാ നായരെ ചോദ്യംചെയ്ത് ഇഡി
Wednesday, August 30, 2023 7:53 PM IST
മുംബൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചലച്ചിത്രതാരം നവ്യാ നായരെ ചോദ്യംചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി).
നവ്യാ നായരുമായി സാവന്തിന് അടുത്ത ബന്ധമുണ്ടെന്നും നവ്യയ്ക്ക് വിലയേറിയ ആഭരണങ്ങള്‍ അടക്കമുള്ള സമ്മാനങ്ങൾ ഇയാൾ നൽകിയതായും ഇഡി കണ്ടെത്തിയിരുന്നു.
നവ്യയെ കാണാനായി മാത്രം സാവന്ത് നിരവധി തവണ കൊച്ചിയിലേക്ക് സഞ്ചരിച്ചെന്നും ഇവർ തമ്മിൽ നിരന്തരം ഫോൺകോളുകളിലൂടെയും മെസജുകളിലൂടെയും ബന്ധപ്പെടാറുണ്ടെന്നും ഇഡി അറിയിച്ചു.
എന്നാല്‍, താനും സാവന്തും സുഹൃത്തുക്കള്‍ മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നവ്യാ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
വരവിൽ കവിഞ്ഞതിലേറെ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിന്മേൽ, ജൂലൈ 27-നാണ് സാവന്തിനെ ഇഡി അറസ്റ്റ് ചെയ്തത്. 1.25 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ ഇയാളുടെ പേരിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചിരുന്നു. ബന്ധുക്കളുടെ പേരിൽ ആരംഭിച്ച വ്യാജ കമ്പനിയുടെ പേരിലാണ് സാവന്ത് സ്വത്തുക്കൾ സൂക്ഷിച്ചിരുന്നത്.