യുപിയിൽ മർദനമേറ്റ വിദ്യാർഥി കേരളത്തിന്റെ സഹായം സ്വീകരിക്കാൻ തയാറെന്ന് ജോൺ ബ്രിട്ടാസ് എംപി
Wednesday, August 30, 2023 5:45 PM IST
ലക്നോ: ഉത്തർ പ്രദേശിലെ മുസഫർനഗറിൽ അധ്യാപികയുടെ പ്രേരണയിൽ സഹപാഠി മർദിച്ച മുസ്ലിം വിദ്യാർഥിയുടെ വീട് സന്ദർശിച്ച് സിപിഎം സംഘം. കുട്ടിയുടെ വിദ്യാഭ്യാസത്തിനായി കേരളം വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കാൻ കുടുംബം തയാറാണെന്ന് ജോൺ ബ്രിട്ടാസ് എംപി അറിയിച്ചു.
കേരളത്തിന്റെ സമുദായമൈത്രിയും സാഹോദര്യവും ഉത്തർ പ്രദേശിലും ഉണ്ടാകണമെന്ന പ്രാർഥനയാണ് തങ്ങൾക്കുള്ളതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞതായി ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.
ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീർക്കുമെന്നതിന്റെ തെളിവാണ് മുസഫർനഗറിൽ ഏഴു വയസ് മാത്രമുള്ള മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മാറി മാറി അടിപ്പിച്ച അധ്യാപികയുടെ നടപടി.
കുബ്ബാപുർ ഗ്രാമത്തിൽ എത്തി കുട്ടിയേയും ബാപ്പ ഇർഷാദിനെയും കുടുബാംഗങ്ങളെയും സന്ദർശിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിർത്തിയ അവന്റെ ജ്യേഷ്ഠന്റെയും തുടർപഠനത്തിനുള്ള സഹായം നൽകാമെന്ന നിർദേശം ആ കുടുംബം സ്വീകരിച്ചു. എന്നോടൊപ്പം സിപിഐ എം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും ഉണ്ടായിരുന്നു.
ഇർഷാദിന്റെ കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെയും തുടർപഠനത്തിന് സംസ്ഥാനം താങ്ങാകാൻ സന്നദ്ധമെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു . കേരളത്തിന്റെ സമുദായമൈത്രിയും സാഹോദര്യവും ഉത്തർ പ്രദേശിലും ഉണ്ടാകണമെന്ന പ്രാർത്ഥനയാണ് തങ്ങൾക്കുള്ളതെന്നു കുട്ടിയുടെ കുടുംബം പറഞ്ഞു.
സ്കൂളിലെ ദാരുണ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞ്ഞുവെന്ന് ബാപ്പ പറഞ്ഞു. കുട്ടിയെ ചേർത്തു നിർത്തി സാഹോദര്യത്തിന്റെ ഉത്സവമായ ഓണത്തിന്റെ ഒരു സമ്മാനം കൂടി നൽകിയാണ് ഞങ്ങൾ മുസഫർനഗറിലെ കുഗ്രാമമായ കുബ്ബപ്പൂരിൽ നിന്ന് മടക്കയാത്ര ആരംഭിച്ചത്.