നിർബന്ധിത ചുംബനം; "നീതി നേടി' നിരാഹാര സമരവുമായി റൂബിയാലസിന്റെ മാതാവ്
Tuesday, August 29, 2023 2:08 AM IST
മാഡ്രിഡ്: വനിതാ ലോകകപ്പ് കിരീടം നേടിയ ജെന്നി ഹെർമോസോ എന്ന താരത്തിന് നിർബന്ധിത ചുംബനം നൽകിയെന്ന ആരോപണം നേരിടുന്ന സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയി റൂബിയാലസിന് പിന്തുണയുമായി നിരാഹാര സമരം ആരംഭിച്ച് അദ്ദേഹത്തിന്റെ മാതാവ്.
തന്റെ മകന് നേരെ നടക്കുന്ന മനുഷ്യതരഹിതമായ വേട്ടയാടൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് റൂബിയാലസിന്റെ മാതാവ് രാപ്പകൽ നിരാഹാര സമരം ആരംഭിച്ചത്. ദക്ഷിണ സ്പെയിനിലെ മോട്രിൽ പട്ടണത്തിലുള്ള ദേവാലയത്തിന് മുമ്പിലാണ് ഇവർ സമരം നടത്തുന്നത്.
സംഭവത്തിൽ പരാതി നൽകിയ ഹെർമോസോ സത്യം പറയണമെന്നും റൂബിയാലസിന് നീതി വേണമെന്നുമാണ് ആവശ്യം. ഇതിനിടെ, നിർബന്ധിത ചുംബനത്തിൽ റൂബിയലാസിനെതിരെ സ്പാനിഷ് സർക്കാർ സ്വമേധയാ ലൈംഗികാതിക്രമ പരാതി രജിസ്റ്റർ ചെയ്തു. സംഭവത്തിൽ 15 ദിവസത്തിനുള്ളിൽ പരാതി നൽകാമെന്നാണ് ഹെർമോസോയെ കോടതി അറിയിച്ചത്.
നേരത്തെ, റൂബിയാലസിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയാണെന്ന് ഫിഫ അറിയിച്ചിരുന്നു. ലൈംഗികാതിക്രമ പരാതിയിന്മേൽ അന്വേഷണം പൂർത്തിയാക്കും വരെ റൂബിയാലസ് ഫുട്ബോൾ അസോസിയേഷൻ നേതൃസ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്നാണ് ഫിഫ വ്യക്തമാക്കിയത്.
എന്നാൽ, നിസാരമായ, പരസ്പര സമ്മതത്തോടെയുള്ള ഒരു ചെറു ചുംബനത്തിന്റെ പേരിൽ വ്യാജ ഫെമിനിസ്റ്റുകൾ തന്നെ "കൊല്ലാക്കൊല' ചെയ്യുകയാണെന്നാണ് റൂബിയാലസ് പറയുന്നത്.
ഓഗസ്റ്റ് 20-ന് നടന്ന ഫൈനലിനിടെ, ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കിരീടം നേടിയ ശേഷം ലാ റോജാസ് വിജയാഘോഷം നടത്തുന്നതിനിടെ, ഹെർമോസോയുടെ ചുണ്ടിൽ റൂബിയാലസ് ബലമായി ചുംബിച്ചതാണ് വിവാദത്തിന് കാരണം.
മറ്റ് താരങ്ങളുടെ കവിളിൽ ചെറുചുംബനം നൽകിയ റൂബിയാലസ് ഹെർമോസോയെ പിടിച്ചുനിർത്തി ചുണ്ടിൽ ചുംബിക്കുകയായിരുന്നു. റൂബിയാലസ് നടത്തിയത് ലൈംഗികാതിക്രമം ആണെന്നും വനിതാ താരങ്ങളെ കായികസംഘടനാ അധികൃതർ അടിമകളായി ആണ് കാണുന്നതെന്നും വ്യാപക വിമർശനം ഉയർന്നിരുന്നു.