ലോക ബാഡ്മിന്റൺ: പ്രണോയ് സെമിയിൽ വീണു
Saturday, August 26, 2023 10:59 PM IST
കോപ്പൻഹേഗൻ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സെമിഫൈനലിൽ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് തോൽവി. തായ് താരം കുൻലാവുട്ട് വിടിസരനാണ് പ്രണോയ്യെ പരാജയപ്പെടുത്തിയത്.
മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും വെങ്കല മെഡൽ നേട്ടവുമായി ആണ് പ്രണോയ് ടൂർണമെന്റിൽ നിന്ന് വിടവാങ്ങുന്നത്. ലോക ചാമ്പ്യൻഷിപ്പ് സിംഗിൾസ് പോരിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് പ്രണോയ്.
ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു പ്രണോയ്യുടെ പരാജയം. രണ്ടാം ഗെയിം മികച്ച ലീഡിൽ തായ് താരം സ്വന്തമാക്കിയതോടെ മത്സരം അത്യന്തം വാശിയേറിയതായി.
നിർണായകമായ മൂന്നാം ഗെയിമിൽ പ്രണോയ് തുടർച്ചയായി പിഴവുകൾ വരുത്തിയതോടെ തായ് താരം അനായാസം മത്സരം സ്വന്തമാക്കി. സ്കോർ: 18-21, 21-13, 21-14.