വിഎസ്എസ്സി പരീക്ഷ കോപ്പിയടി: മുഖ്യ ആസൂത്രകരടക്കം ഹരിയാനയിൽ പടിയിൽ
Saturday, August 26, 2023 8:01 PM IST
തിരുവനന്തപുരം: വിഎസ്എസ്സി പരീക്ഷയിൽ ആൾമാറാട്ടവും കോപ്പിയടിയും നടത്തിയ സംഭവത്തിൽ മുഖ്യആസൂത്രകർ അടക്കം മൂന്നുപേർകൂടി ഹരിയാനയിൽ അറസ്റ്റിൽ. അറസ്റ്റിലായവരിൽ രണ്ടുപേർ മുഖ്യആസൂത്രകരും ഒരാൾ ഉദ്യോഗാർഥിയുമാണ്.
ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായതായി സിറ്റി പോലീസ് കമ്മീഷണർ സി.നാഗരാജു പറഞ്ഞു. ഇവരെ ഉടൻ തന്നെ തിരുവനന്തപുരത്തെത്തിക്കും.
ഹരിയാനയിലെ ജിൻഡ് ജില്ലയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണസംഘവും ഹരിയാന പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. എല്ലാ പ്രതികളെയും പിടികൂടുന്നതുവരെ പ്രത്യേക അന്വേഷണസംഘം ഹരിയാനയിലുണ്ടാകും. ആദ്യം പിടികൂടിയവരെ ചോദ്യം ചെയ്തതോടെയാണ് പ്രധാന പ്രതികളുടെ വിവരങ്ങൾ ലഭിച്ചത്.
തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിഎസ്എസ്സി നടത്തിയ ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്മാൻ ബി, റേഡിയോഗ്രഫർ എ പരീക്ഷകളിലാണ് തട്ടിപ്പ് നടന്നത്. ഇതോടെ പരീക്ഷ റദ്ദാക്കുകയും ചെയ്തു.
പരീക്ഷ എഴുതാൻ ഏൽപ്പിച്ചവരെ പിടികൂടുമെന്നും പോലീസ് സൂചിപ്പിച്ചു. കേരളത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത അമിത്തിനെ പരീക്ഷ എഴുതാൻ ഏൽപ്പിച്ച ഋഷിപാലിനെയാണ് ഹരിയാനയിൽ നിന്ന് പോലീസ് പിടികൂടിയതെന്നാണ് വിവരം.