മണിപ്പുര്‍ കലാപം: സിബിഐ കേസുകള്‍ ആസാമിലേക്ക് മാറ്റാന്‍ സുപ്രീംകോടതി; വിചാരണ ഓണ്‍ലൈനായി നടക്കും
Friday, August 25, 2023 12:37 PM IST
ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിചാരണ ആസാമിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
ശരിയായ രീതിയില്‍ വിചാരണ നടക്കുന്നെന്ന് ഉറപ്പ് വരുത്താനാണ് നടപടികള്‍ ആസാമിലേക്ക് മാറ്റുന്നത്. നിലവിലെ സാഹചര്യത്തില്‍ മണിപ്പുരില്‍ സുതാര്യമായ വിചാരണ നടപടികള്‍ നടക്കുമെന്ന് ഉറപ്പാക്കാനാവില്ലെന്ന ബോധ്യമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
കൂട്ടബലാത്സംഗം അടക്കം സിബിഐ അന്വേഷണം നടക്കുന്ന 11 കേസുകളാണ് ആസാമിലേക്ക് മാറ്റിയത്. ഈ കേസുകളില്‍ വിചാരണ നടത്താന്‍ ജഡ്ജിമാരെ നിയമിക്കണമെന്ന് ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കോടതി നിര്‍ദേശം നല്കി.
ഇരകള്‍ അടക്കമുള്ളവര്‍ക്ക് ആസാമിലേക്ക് പോകാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ഓണ്‍ലൈനായി ഇവരുടെ മൊഴി രേഖപ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു. പ്രതികള്‍ മണിപ്പുരില്‍ തന്നെ തുടരണം. ഓണ്‍ലൈനായി ഇവരും കോടതിയില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.