കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ കേരളത്തിലെ റോഡുകളിലുണ്ടായത് വലിയ മാറ്റം: മന്ത്രി മുഹമ്മദ് റിയാസ്
Thursday, August 24, 2023 8:04 PM IST
ആലപ്പുഴ: കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് കേരളത്തിലെ റോഡുകളില്‍ വലിയ മാറ്റമാണ് ഉണ്ടായതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ 7.35 കോടി രൂപ ചെലവിട്ട് നിര്‍മിച്ച 12 നഗര റോഡുകളുടെ ഉദ്ഘാടനവും 6.5 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന എസ്എന്‍ ജംഗ്ഷന്- കണിയാംകുളം കിഴക്ക് റോഡിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ഇന്ന് ലഭിക്കാവുന്ന ഏറ്റവും മികച്ച ഗുണനിലവാരമായ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് കേരളത്തിലെ റോഡുകള്‍ നിര്‍മിക്കുന്നത്. സാധാരണ ടാറിംഗ് ചെയുമ്പോള്‍ വേണ്ടി വരുന്നതിനേക്കാളും മൂന്നിരട്ടിയോളം പണം ചെലവഴിച്ചാണ് ബിഎം ആന്‍ഡ് ബിസി നിലവാരത്തിലെ റോഡുകള്‍ നിര്‍മിക്കുന്നത്.
ഇതിന് പുറമേ ഇന്ന് കേരളത്തില്‍ റണ്ണിംഗ് കോണ്ട്രാക്ടും നടപ്പാക്കിയിട്ടുണ്ട്. ഇതോടെ കരാര്‍ കാലാവധി കഴിഞ്ഞാലും റോഡുകളുടെ അറ്റകുറ്റപണികള്‍ സാധ്യമാകും. ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ട് ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞ സ്ഥലങ്ങളില്‍ ഉള്‍പ്പടെ ഇന്ന് റോഡുകളും പാലങ്ങളും നിര്‍മിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.