രാജ്യത്ത് കരിമ്പ് ഉത്പാദനം കുറഞ്ഞു: പഞ്ചസാര കയറ്റുമതി നിർത്തിവച്ചേക്കും
വെബ് ഡെസ്ക്
Thursday, August 24, 2023 3:36 PM IST
ന്യൂഡൽഹി: രാജ്യത്തെ കരിമ്പ് ഉത്പാദനത്തിൽ ഇടിവ് വന്നേക്കുമെന്ന ആശങ്ക നിലനിൽക്കേ ഒക്ടോബറിൽ ആരംഭിക്കുന്ന സീസണിൽ ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതി നിർത്തിവച്ചേക്കുമെന്ന് സൂചന. മഴയുടെ ലഭ്യതക്കുറവ് മൂലം ഈ വർഷം കരിമ്പ് ഉത്പാദനത്തിൽ കാര്യമായ ഇടിവ് വരുമെന്ന് റിപ്പോർട്ട് ലഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആദ്യമായിട്ടാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി നിർത്തിവയ്ക്കാൻ ഒരുങ്ങുന്നത്. ഇതോടെ ആഗോള ഭക്ഷ്യവിപണിയിൽ വിലവർധനയുണ്ടായേക്കും. സെപ്റ്റംബർ 30ന് അവസാനിക്കുന്ന സീസണിൽ 61 ലക്ഷം ടൺ പഞ്ചസാര കയറ്റുമതി ചെയ്യാൻ മില്ലുകൾക്ക് അനുവാദം നൽകിയിരുന്നു.
111 ലക്ഷം ടൺ പഞ്ചസാരയാണ് കഴിഞ്ഞ സീസണിൽ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത്. രാജ്യത്ത് ഏറ്റവുമധികം പഞ്ചസാര ഉത്പാദിപ്പിക്കുന്ന കർണാടകയിലും മഹാരാഷ്ട്രയിലും ഈ വർഷം മഴയുടെ ലഭ്യതയിൽ 50 ശതമാനത്തിലേറെ ഇടിവ് വന്നിരുന്നു.