സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി
Thursday, August 24, 2023 3:08 PM IST
ന്യൂഡൽഹി: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹർജി നൽകിയിരിക്കുന്നത്. ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും അവാർഡുകൾ റദ്ദാക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം.
സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലും അവാർഡ് നിർണയത്തില്‍ അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും രഞ്ജിത്തിന്റെ ഇടപെടലുകൾ സംബന്ധിച്ച് ജൂറി അംഗങ്ങൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. നിസാരമായ ആരോപണങ്ങളാണ് ഹർജിക്കാരൻ ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയത്.
ഹർജിക്കാരൻ സമർപ്പിച്ച രേഖകളിൽ പുരസ്കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ ഇടപെട്ടു എന്നതിന് പര്യാപ്തമായ തെളിവുകളില്ലെന്നും പരാതിയുള്ള ജൂറിമാർ ഉണ്ടെങ്കിൽ അവർക്ക് നേരിട്ട് കോടതിയെ സമീപിക്കാമായിരുന്നു എന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്.