വനിതാ പൈലറ്റിന്റെ ഇടപെടൽ; ഡൽഹി വിമാനത്താവളത്തിൽ വിമാന കൂട്ടിയിടി ഒഴിവായി
Wednesday, August 23, 2023 5:29 PM IST
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വനിതാ പൈലറ്റിന്റെ ഇടപെടൽമൂലം വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടിയും വൻ ദുരന്തവും ഒഴിവായി. രണ്ട് വിസ്താര എയർലൈൻസിന്റെ വിമാനങ്ങൾക്ക് ഒരേ റൺവേ ഉപയോഗിക്കാനുള്ള അനുമതി നൽകിയത് ശ്രദ്ധയിപ്പെട്ട വനിതാ പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.
ഡൽഹി വിമാനത്തവളത്തിൽ ഇറങ്ങിയ ഒരു വിസ്താര വിമാനത്തിന് അനുവദിച്ച റൺവേയിൽ മറ്റൊരു വിമാനത്തിന് പറന്നുയരാൻ അനുമതി നൽകിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അഹമ്മദാബാദിൽ നിന്നുള്ള വിസ്താര എ 320 വിമാനം ബുധനാഴ്ച രാവിലെ 8:30 ന് ഡൽഹിയിൽ ഇറങ്ങി. 29L റൺവേയിലാണ് വിമാനം ഇറങ്ങിയത്. ഈ വിമാനം റൺവേ 29 R ലേക്ക് കടക്കാൻ ടവർ കൺട്രോളർ നിർദേശിച്ചു. എന്നാൽ ഇതേ റൺവേയിൽനിന്ന് പറന്നുയരാൻ അതേ സമയം തന്നെ ഡൽഹി-ബാഗ്ദോഗ്ര വിമാനത്തിന് അനുമതി നൽകുകയും ചെയ്തു.
ഡൽഹിയിൽ ഇറങ്ങിയ വിസ്താര വിമാനത്തിലെ വനിതാ പൈലറ്റ് ഒരേ റൺവേയിൽ തന്നെ പറന്നുയരാൻ തുടങ്ങുന്ന വിമാനം കണ്ടതോടെ വിവരം എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോൾ വിവരം നൽകിയതിനെ തുടർന്ന് പറന്നുയരാൻ തയാറെടുത്ത വിമാനത്തിന്റെ ടേക്ക് ഓഫ് നിർത്തിവച്ചു.
ഡൽഹി-ബാഗ്ദോഗ്രവിമാനം റൺവേയിൽനിന്ന് പാർക്കിംഗ് ബേയിലേക്ക് മാറ്റുകയും ചെയ്തു. രണ്ട് വിമാനങ്ങളും ഒരേ റൺവേയിൽ വന്നത് ശ്രദ്ധയിൽപ്പെട്ടതാണ് വലിയ അപകടം ഒഴിവാകാൻ കാരണമായത്.