രണ്ടാം പോരാട്ടത്തിലേക്ക് കാൾസണും പ്രഗ്നാനന്ദയും; ഇന്നും സമനിലയെങ്കിൽ ടൈ ബ്രേക്കറിലേക്ക്
വെബ് ഡെസ്ക്
Wednesday, August 23, 2023 11:47 AM IST
ബാകു (അസർബായ്ജാൻ): ഫിഡെ ചെസ് ലോകകപ്പ് ഫൈനലിന്‍റെ രണ്ടാം മത്സരത്തിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണും ഇന്ത്യയുടെ പ്രഗ്നാനന്ദയും ഏറ്റുമുട്ടും. ഫൈനലിലെ ആദ്യ മത്സരം 35 നീക്കത്തിന് ശേഷം സമനിലയിൽ അവസാനിച്ചിരുന്നു. ഇന്ത്യൻ സമയം വൈകിട്ട് 4.45ന് മത്സരം ആരംഭിക്കും.
കഴിഞ്ഞ ദിവസം വെള്ള കരുക്കൾ ഉപയോഗിച്ച പ്രഗ്നാനന്ദ ഇന്ന് കറുത്ത കരുവാകും ഉപയോഗിക്കുക. ഇന്നു നടക്കുന്ന മത്സരവും സമനിലയിലാണ് അവസാനിക്കുന്നതെങ്കിൽ ടൈ ബ്രേക്കറിലൂടെ വിജയിയെ തീരുമാനിക്കും.
കാൾസണുമായി മുൻപ് നടന്ന മത്സരത്തിൽ തനിക്ക് സമ്മർദം ഉണ്ടായിരുന്നില്ലെന്നും രണ്ടാം മത്സരത്തിൽ ശക്തമായ പോരാട്ടമുണ്ടാകുമെന്നും പ്രഗ്നാനന്ദ അറിയിച്ചിരുന്നു. ലോക ജേതാവായ കാൾസണെതിരെ നടന്ന ആദ്യമത്സരത്തിനിടെ മുൻതൂക്കം നേടാൻ പ്രഗ്നാനന്ദയ്ക്ക് സാധിച്ചിരുന്നു.
ടൈ ബ്രേക്കറിൽ ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ ഫൈനലിലെത്തിയത്.