കളം പിടിക്കാന്‍ പ്രഗ്നാനന്ദ; ചെസ് ലോകകപ്പ് ഫൈനലിന് ഇന്ന് തുടക്കം
Tuesday, August 22, 2023 10:19 AM IST
അസര്ബൈജാന്: ഫിഡെ ചെസ് ലോകകപ്പിന്റെ ഫൈനലിന് ചൊവ്വാഴ്ച തുടക്കം. ഇന്ത്യന്‍ സമയം വൈകുന്നേരം 4.15ന് ആണ് മത്സരം ആരംഭിക്കുക. ഇന്ത്യയുടെ ആര്.പ്രഗ്നാനന്ദയും നോര്‍വെയുടെ മാഗ്നസ് കാള്‍സണുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനെയെ തോല്പിച്ചാണ് പ്രഗ്നാനന്ദ കലാശപ്പോരിന് യോഗ്യത നേടിയത്.
ചെസ് ഇതിഹാസം ബോബി ഫിഷറിനും മാഗ്നസ് കാള്‍സണും ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് പ്രഗ്നാനന്ദ. 2005ല്‍ ടൂര്‍ണമെന്റ് നോക്കൗട്ട് ഫോര്‍മാറ്റിലേക്ക് മാറിയശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് ഈ തമിഴ്നാട്ടുകാരന്.
ലോക ഒന്നാം നമ്പര്‍ താരമാണ് മാഗ്നസ് കാള്സണ്. എന്നാൽ ഇതുവരെ മൂന്ന് തവണ പ്രഗ്നാനന്ദ മാഗ്നസ് കാള്‍സണെ അട്ടിമറിച്ചിട്ടുണ്ട്. 2016 ല്‍ തന്റെ 10-ാം വയസിലാണ് പ്രഗ്നാനന്ദ കാള്‍സനെ ആദ്യം തോല്‍പ്പിച്ചത്.
പിന്നാലെ 2018 ലും 2022 ലും കാള്‍സനെ ഈ ഇന്ത്യന്‍ താരം തോല്‍പ്പിച്ചു. മൂന്ന് തവണയും ഓണ്‍ലൈനായാണ് പ്രഗ്നാനന്ദയുടെ വിജയം.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ താരം ചെസ് ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. മുമ്പ് 2000 ത്തിലും 2002 ലും വിശ്വനാഥന് ആനന്ദിലൂടെ ഇന്ത്യ ചെസ് ലോകകിരീടം നേടിയിരുന്നു.
2013 മുതല്‍ ഒന്നാം റാങ്ക് അലങ്കരിക്കുന്ന മാഗ്നസ് കാള്‍സണാകട്ടെ ഇനിയും ഒരു ചെസ് ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. ചുരുക്കത്തില്‍ ഏക്കാലത്തേയും മികച്ച പോരാട്ടങ്ങളിലൊന്നിനാകും ചൊവ്വാഴ്ച ചെസ് ലോകം സാക്ഷ്യംവഹിക്കുക.