മണിപ്പൂർ കലാപം: സിബിഐ സംഘം വിപുലീകരിച്ചു
Sunday, August 20, 2023 9:29 PM IST
ന്യൂഡൽഹി: മണിപ്പൂർ കലാപം അന്വേഷിക്കുന്ന സംഘം വിപുലീകരിച്ച് സിബിഐ. സംഘത്തിൽ മുപ്പത് ഉദ്യോഗസ്ഥരെ കൂടി ഉൾപെടുത്തി.
കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിനാണ് സിബിഐ നേരത്തെ രൂപം നൽകിയത്. ഇതിലേക്ക് മുപ്പത് പുതിയ ഉദ്യോഗസ്ഥരെ കൂടിയാണ് ഉൾപ്പെടുത്തിയത്. സംഘത്തിൽ സിബിഐ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും ഉൾപ്പെടും.
എം.വേണുഗോപാൽ, ജി പ്രസാദ് എന്നിവരാണ് മലയാളി ഉദ്യോഗസ്ഥർ. രണ്ട് സ്ത്രീകളെ കൂട്ട മാനഭംഗം ചെയ്തത് ഉൾപ്പടെ 11 കേസുകളുടെ അന്വേഷണമാണ് സിബിഐ നടത്തുന്നത്.
സുപ്രീം കോടതി നിർദേശപ്രകാരമാണ് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. കേസ് അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാണ് നടക്കുന്നത്.