കെ.ഫോണില്‍ ഖജനാവിനുണ്ടായത് 36 കോടിയുടെ നഷ്ടം; സിഎജി സര്‍ക്കാരിനോട് വിശദീകരണം തേടി
Saturday, August 19, 2023 1:41 PM IST
തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ.ഫോണിന്റെ കരാറില്‍ കണ്‍സോര്‍ഷ്യം വ്യവസ്ഥകള്‍ ലംഘിച്ച് പണം നല്‍കിയതിലൂടെ സംസ്ഥാന ഖജനാവിന് 36 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സിഎജി. ഇതേക്കുറിച്ച് സിഎജി സര്‍ക്കാരിനോട് വിശദീകരണം തേടി.
പലിശ രഹിത മൊബിലൈസേഷന്‍ ഫണ്ട് വ്യവസ്ഥകള്‍ മറികടന്ന് കെ ഫോണ്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിന് നല്‍കിയതിലൂടെയാണ് 36 കോടിയുടെ നഷ്ടം സംഭവിച്ചതെന്നു സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിക്ക് യാതൊരു വ്യവസ്ഥയും പാലിക്കാതെ സാധനങ്ങള്‍ വാങ്ങാന്‍ 109 കോടി രൂപ അഡ്വാന്‍സ് നല്‍കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
1531 കോടി രൂപയ്ക്കായിരുന്നു കരാര്‍ നല്‍കിയിരുന്നത്. കെഎസ്ഇബി ഫിനാന്‍സ് വിഭാഗം ഉദ്യോഗസ്ഥരുടെ നിര്‍ദേശം മറികടന്നാണ് സര്‍ക്കാര്‍ കരാറുമായി മുന്നോട്ട് പോയത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശം മാത്രം വിശ്വസിച്ചാണ് പത്ത് ശതമാനം മൊബിലൈസേഷന്‍ ഫണ്ടില്‍ നിന്ന് അഡ്വാന്‍സ് നല്കാന് കെഎസ്ഐടിഎല്‍ തയാറായത്.
2013 ലെ സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ അനുസരിച്ച് മൊബിലൈസേഷന്‍ അഡ്വാന്‍സ് പലിശകൂടി ഉള്‍പ്പെട്ടതാണ്. പലിശ ഒഴിവാക്കി നല്കണമെങ്കില് ആരാണോ കരാര്‍ കൊടുത്തത് അവരുടെ ബോര്‍ഡ് യോഗത്തിന്റെ അനുമതി വേണമെന്നാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെയും വ്യവസ്ഥ.
കെ.ഫോണുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനോട് സിഎജി വിശദീകരണം തേടിയ സാഹചര്യത്തില്‍ സിഎജിയും സര്‍ക്കാരും തമ്മില്‍ വീണ്ടുമൊരു ഏറ്റുമുട്ടലിനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. കിഫ്ബി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിഎജി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.