രജനീകാന്തിന്റെ ജയിലറിന് "എ' സർട്ടിഫിക്കറ്റ് നൽകണമെന്ന് ഹർജി
വെബ് ഡെസ്ക്
Saturday, August 19, 2023 11:24 AM IST
ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ പുതിയ ചിത്രമായ ജയിലറിന് "എ' സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ എം.എൽ. രവിയാണ് ഹർജി നൽകിയത്.
സിനിമയിൽ തലയറുക്കുന്നത് ഉൾപ്പടെ അതിക്രൂരമായ ദൃശ്യങ്ങളുണ്ടെന്നും ഇത്തരം പ്രവൃത്തികൾ മഹത്വവൽക്കരിക്കപ്പെടുന്നതിനോ അനുകരിക്കുന്നതിനോ കാരണമായേക്കുമെന്നും ഹർജിയിലുണ്ട്.
നിലവിൽ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണുള്ളത്. 12 വയസിൽ താഴെയുള്ള കുട്ടികൾക്കും മാതാപിതാക്കളുടെ മേൽനോട്ടത്തിൽ സിനിമ കാണാൻ അനുവദിക്കുന്നതാണ് U/A സർട്ടിഫിക്കറ്റ്.
കോടതി തീരുമാനമെടുക്കുന്നത് വരെ സിനിമയുടെ പ്രദർശനം നിർത്തി വെക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അടങ്ങുന്ന ബെഞ്ച് അടുത്തയാഴ്ച കേസ് പരിഗണിക്കും.