മധുവധക്കേസ്; സ്പെഷല്‍ പ്രോസിക്യൂട്ടറെ അമ്മയ്ക്ക് ശിപാര്‍ശ ചെയ്യാമെന്ന് സര്‍ക്കാര്‍
Friday, August 18, 2023 9:18 PM IST
കൊച്ചി: അട്ടപ്പാടി മധുവധക്കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കുന്നതിന് സീനിയര്‍ അഭിഭാഷകരിലൊരാളെ മധുവിന്റെ അമ്മ ശിപാര്‍ശ ചെയ്താല്‍ അക്കാര്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് അമ്മ മല്ലി നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
നിലവില്‍ അഡി. പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരാകുന്നത്. തുടര്‍ന്ന് ഹര്‍ജി 21 നു പരിഗണിക്കാന്‍ മാറ്റി. ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ വിചാരണക്കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ ഒന്നാം പ്രതി ഹുസൈന് ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്കിയ അപ്പീലുകളും 21 ലേക്ക് മാറ്റിയിട്ടുണ്ട്.
അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് പ്രതികള്‍ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 ഫെബ്രുവരി 22 നായിരുന്നു സംഭവം. വിചാരണക്കോടതി കേസിലെ 13 പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ നല്കിയ അപ്പീലും ശിക്ഷ കുറഞ്ഞെന്നാരോപിച്ച് സര്‍ക്കാര്‍ നല്കിയ അപ്പീലും ഹൈക്കോടതിയിലുണ്ട്.