മലേഷ്യയിൽ വിമാനം ഹൈവേയിലേക്ക് ഇടിച്ചിറങ്ങി; 10 പേർ മരിച്ചു
Friday, August 18, 2023 4:46 PM IST
ക്വലാലംപൂര്‍: മലേഷ്യയിൽ സ്വകാര്യ ചെറു വിമാനം ഹൈവേയിലേക്ക് ഇടിച്ചിറങ്ങിയുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. വിമാനം കാറിലും ബൈക്കിലും ഇടിച്ച് തീഗോളമായി പൊട്ടിത്തകർന്നു. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും ബൈക്ക് യാത്രികനും കാറിലുണ്ടായിരുന്ന ആളുമാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40 ന് വടക്കൻ ക്വലാലംപൂരിലെ എൽമിന ടൗണിനു സമീപം ഗുത്രി ഹൈവേയിലായിരുന്നു അപകടം. വിനോദസഞ്ചാരദ്വീപായ ലാങ്കാവിയിൽനിന്ന് സെലങ്കോറിലേക്ക് പോവുകയായിരുന്നു വിമാനം. ബീച്ച് ക്രാഫ്റ്റ് 390 മോഡല്‍ വിമാനം എയർട്രാഫിക് കൺട്രോളുമായി ബന്ധം നഷ്ടപ്പെട്ടതിനു പിന്നാലെ ഹൈവേയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിലൊരാൾ പ്രദേശിക രാഷ്ട്രീയ നേതാവായിരുന്നെന്നും റിപ്പോർട്ടുണ്ട്. വിമാനം കത്തിത്തകരുന്നതിന്റെ വീഡിയോ ഇതിനകം വൈറലാണ്.