മന്ത്രി മുഹമ്മദ് റിയാസിന് ഗണേഷ് കുമാറിന്റെ പരസ്യവിമർശനം
Friday, August 18, 2023 3:02 PM IST
കൊല്ലം: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പരസ്യമായി വിമർശിച്ച് പത്തനാപുരം എംഎൽഎ കെ.ബി.ഗണേഷ് കുമാർ. പത്തനാപുരം നിയോജക മണ്ഡലത്തിൽ റോഡ് അനുവദിക്കുന്നില്ലെന്ന വിമർശനമാണ് ഗണേഷ് കുമാർ പരസ്യമായി ഉന്നയിച്ചത്.
പത്തനാപുരത്ത് റോഡ് ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. തന്നെപോലുള്ള സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ല. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും 2023 ൽ പിഡബ്ല്യുഡി അനുവദിച്ചില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരൻ തനിക്കും മണ്ഡലത്തിനും അർഹമായ പരിഗണന നൽകിയിരുന്നു. ഉദ്ഘാടന പോസ്റ്ററിൽ മന്ത്രി റിയാസിന്റെ പടം വച്ചതിനെയും ഗണേഷ് കുമാർ വിമർശിച്ചു. പോസ്റ്ററിൽ വയ്ക്കേണ്ടിയിരുന്നത് ജി. സുധാകരന്റെ ചിത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സുധാകരൻ മന്ത്രിയായിരിക്കെ ആറ് കോടിയോളം രൂപ റോഡ് വികസനത്തിന് അനുവദിച്ച് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ആവശ്യമായ പണം അനുവദിക്കുന്നില്ല. ഇക്കാര്യങ്ങൾ താൻ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഇവരേക്കാളെല്ലാം മുമ്പ് താൻ മന്ത്രിയായിരുന്നുവെന്നും നിയമസഭയിൽ സീനിയോരിറ്റിയുണ്ടെന്നും കൂടി ഗണേഷ് കുമാർ ഓർമിപ്പിച്ചു.