മാസപ്പടി വിവാദം: സംസ്ഥാനത്തിന്റെ വിഷയമല്ലെന്നു ഗവർണർ
Monday, August 14, 2023 10:24 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണായി വിജയന്റെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദം തന്റെ അധികാര പരിധിയിൽ വരുന്ന കാര്യമോ, സംസ്ഥാനത്തിന്റെ വിഷയമോ അല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് യാതൊരു തെളിവുകളോ രേഖകളോ കണ്ടിട്ടില്ല. മാധ്യമവാർത്തകളിലൂടെയുള്ള വിവരങ്ങൾ മാത്രമേ തനിക്ക് അറിയൂ.
ആദായനികുതി വകുപ്പിന്റെ മുന്നിലുള്ള വിഷയമാണിത്. ഇതൊരു ഗുരുതര ആരോപണമെന്ന് താൻ പറഞ്ഞിട്ടില്ല. താൻ പറയാത്ത കാര്യങ്ങൾ പറഞ്ഞതായുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസം മാധ്യമങ്ങളാണ് ഇതൊരു ഗുരുതര ആരോപണം എന്ന നിലയിൽ എന്നോട് ചോദിച്ചത്. താൻ അങ്ങനെ പറഞ്ഞിട്ടില്ല. മാധ്യമപ്രവർത്തകർക്കു തോന്നുന്ന കാര്യങ്ങൾ തന്റെ വായിൽ നിന്ന് പ്രതീക്ഷിക്കരുതെന്നും ഗവർണർ വ്യക്തമാക്കി.