കിടങ്ങൂരിലെ യുഡിഎഫ് - ബിജെപി സഖ്യം; നേതാക്കൾക്കെതിരെ നടപടിയുമായി കേരള കോൺഗ്രസ്
Monday, August 14, 2023 6:02 PM IST
കോട്ടയം: ബിജെപിയുമായി കൈകോർത്ത് കിടങ്ങൂര്‍ പഞ്ചായത്തില്‍ ഭരണം പിടിച്ച സംഭവത്തിൽ അച്ചടക്കനടപടിയുമായി യുഡിഎഫ്.
കേരള കോൺഗ്രസ് നേതാക്കളും പഞ്ചായത്ത് അംഗങ്ങളുമായ മൂന്ന് പേരെ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. യുഡിഎഫിന്റെ ബിജെപി സഖ്യം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ആയുധമാക്കിയതോടെയാണ് ഈ നടപടി.
ഇന്ന് രാവിലെയാണ് കിടങ്ങൂർ പഞ്ചായത്തിൽ ഇടതുമുന്നണിയിൽ നിന്ന് യുഡിഎഫ് - ബിജെപി സഖ്യം ഭരണം പിടിച്ചത്.
യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി കേരള കോൺഗ്രസ് അംഗം തോമസ് മാളിയേക്കലിന് ബിജെപി അംഗങ്ങള്‍ വോട്ടു ചെയ്യുകയായിരുന്നു. ഇതോടെ ഇടതുമുന്നണിയിലെ ഇ.എം. ബിനുവിനെ പരാജയപ്പെടുത്തി തോമസ് മാളിയേക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
13 അംഗ പഞ്ചായത്തില്‍ ഏഴ് അംഗങ്ങളായിരുന്നു ഇടതുമുന്നണിക്ക് ഉണ്ടായിരുന്നത്. യുഡിഎഫിന് മൂന്നും ബിജെപിക്ക് അഞ്ചും അംഗങ്ങളായിരുന്നുണ്ടായിരുന്നത്. മൂന്ന് അംഗങ്ങള്‍ മാത്രമുള്ള യുഡിഎഫിനെ അഞ്ച് അംഗങ്ങളുള്ള ബിജെപി പിന്തുണയ്ക്കുകയായിരുന്നു. ഏഴിനെതിരെ എട്ട് വോട്ടിനാണ് തോമസ് മാളിയേക്കല്‍ വിജയിച്ചത്.