സംസ്ഥാന അവാർഡ് നിർണയം റദ്ദാക്കണം: ഹൈക്കോടതിയിൽ വീണ്ടും ഹർജി
Monday, August 14, 2023 3:16 PM IST
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് ഹർജി നൽകി. സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്താണ് അപ്പീൽ നൽകിയിരിക്കുന്നത്.
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും അവാർഡുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ലിജീഷ് സമർപ്പിച്ച ഹർജി സിംഗിൾ ബെഞ്ച് കഴിഞ്ഞദിവസം തളളിയിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടു എന്ന ആരോപണത്തിന് വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.
കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ നൽകിയ ഹർജിയാണെന്നും വ്യക്തമായ തെളിവുകളില്ലാതെയാണ് ഹർജിക്കാരൻ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി തള്ളിയത്.
ഇതിന് പിന്നാലെയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഡിവിഷൻ ബെഞ്ചിനെ ലിജീഷ് സമീപ്പിച്ചത്.
താൻ ഉന്നയിച്ച കാര്യങ്ങൾ സിംഗിൾ ബെഞ്ച് യഥാവിധം പരിശോധിച്ചില്ലെന്നും ഈ സാഹചര്യത്തിൽ ഡിവിഷൻ ബെഞ്ച് കൃത്യമായ ഇടപെടൽ നടത്തി ചലച്ചിത്ര അവാർഡ് പ്രഖ്യാപനം സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ സംവിധായകന് വിനയനാണ് ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പുരസ്കാര നിര്‍ണയത്തില്‍ രഞ്ജിത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നാണ് വിനയന് ആരോപിച്ചത്.
ഇത് സംബന്ധിച്ച് നേമം പുഷ്പരാജ്, ഗായിക ജെന്‍സി ഗ്രിഗറി എന്നീ ജൂറി അംഗങ്ങളുടെ വെളിപ്പെടുത്തല്‍ അടങ്ങിയ ശബ്ദരേഖ പുറത്തുവിടുകയും ചെയ്തിരുന്നു.